ഐഎസില്‍ നിന്നും ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ യുവാവ്‌ അറസ്റ്റില്‍

imagesമുംബൈ: ഐഎസില്‍ നിന്നും ഇന്ത്യയിലേക്ക്‌ തിരിച്ചെത്തിയ യുവാവിനെ മുംബൈല്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തു. ആരിഫ്‌ മജീദ്‌ (23) എന്ന മുംബൈ കല്യാണ്‍ സ്വദേശിയെ ഇന്നലെ രാത്രിയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. യുഎപിഎ പ്രകാരണ്‌ കേസെടുത്തത്‌.

ഐഎസില്‍ ചേര്‍ന്ന മജീദ്‌ ആറുമാസത്തിന്‌ ശേഷമാണ്‌ സംഘടന ഉപേക്ഷിച്ച്‌ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയത്‌. ഐഎസില്‍ ചേര്‍ന്ന മജീദ്‌ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ട്‌. ഇറാഖില്‍ വെച്ച്‌ ഐഎസ്‌ പരിശീലനം ലഭിച്ച മജീദ്‌ സിറിയ, ടര്‍ക്കി എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌.

മജീദുള്‍പ്പെടെ നാലു ചെറുപ്പക്കാര്‍ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഇറാഖിലേക്ക്‌ പോയത്‌. ഓഗസ്‌റ്റിലാണ്‌ മജീദ്‌ കൊല്ലപ്പെട്ട വിവരം വീട്ടുകാര്‍ക്ക്‌ ലഭിച്ചത്‌. എന്നാല്‍ തനിക്കൊപ്പം ഐഎസില്‍ ചേര്‍ന്ന മറ്റ്‌ മൂന്നു പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്‌ മജീദ്‌ പറഞ്ഞു. വെള്ളിയാഴ്‌ച ടര്‍ക്കിയില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ എത്തിയ മജീദിനെ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ ഉടന്‍ തെന്നെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. ഏറെ നാളായി മജീദിന്റെ കുടുംബം എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.

ഐഎസ്‌ ഭീകര സംഘടനയില്‍ ചേര്‍ന്ന നാലു ഇന്ത്യന്‍ യുവാക്കള്‍ക്ക്‌ നാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.