Section

malabari-logo-mobile

ഐഎസ്സിനെതിരെ കടുത്ത നടപടിക്ക്‌ ജോര്‍ദ്ദാന്‌ മുസ്ലിംപണ്ഡിതരുടെ പിന്‍തുണ.

HIGHLIGHTS : ദോഹ: ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റ് മആദ് കസാസിബയെ തീക്കൊളുത്തി കൊന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നടപടിക്കെതിരെ ഇസ്‌ലാമിക പണ്ഡിതരുടെ

mideast-crisis-jordan-dilemmaദോഹ: ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റ് മആദ് കസാസിബയെ തീക്കൊളുത്തി കൊന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നടപടിക്കെതിരെ ഇസ്‌ലാമിക പണ്ഡിതരുടെ രൂക്ഷവിമര്‍ശനം. വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബകളിലാണ് ഇമാമുമാര്‍ വിഷയം ഉന്നയിച്ച് വിമര്‍ശിച്ചത്.
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നടപടി ഇസ്‌ലാമിക വിരുദ്ധവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടി.  പൈലറ്റിനെ തീകൊളുത്തിക്കൊന്ന ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു കഴിഞ്ഞ ദിവസത്തേത്. തീ കൊണ്ടു ശിക്ഷിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്ന് പണ്ഡിതര്‍ പ്രതികരിച്ചു.
പ്രാകൃതര്‍ക്കും ഭയമുള്ളവര്‍ക്കും മാത്രമെ ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുകയുള്ളു. ഇത് ഒരിക്കലും ഇസ്‌ലാം അനുശാസിക്കുന്നതല്ല. ഇസ്‌ലാമിന്റെ പേര് കളങ്കപ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. പൈലറ്റിനെ തീകൊളുത്തിക്കൊന്നതിനെ ഗ്രാന്റ് മസ്ജിദ്  ഇമാം ഡോ. തഖീല്‍ അല്‍ ശുമ്മാരി ഖുതുബയില്‍ നിശിതമായി വിമര്‍ശിച്ചു. പൈലറ്റ് ഒരു യുദ്ധത്തടവുകാരനാണെങ്കില്‍ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തോട് പെരുമാറേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക വിശ്വാസികളെ ജീവനോടെ ചുട്ടുകൊല്ലുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. മധ്യ ആഫ്രിക്ക, മ്യാന്‍മര്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത് കര്‍ശനമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശത്രുവിനെ വധിക്കുമ്പോള്‍ പോലും അധികം വേദനിപ്പിക്കാതെയാവണം അത് ചെയ്യേണ്ടത് എന്ന ഇസ്‌ലാമിക തത്വം പോലും പാലിക്കപ്പെടുന്നില്ലെന്നും പണ്ഡിതര്‍ പ്രഭാഷണങ്ങളില്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെടുകയോ മരണപ്പെടുകയോ ചെയ്ത മനുഷ്യന്റെ മൃതദേഹം അംഗഭേദം വരുത്തുന്നത് ഇസ്‌ലാമിക തത്വപ്രകാരം നിഷിദ്ധമാണെന്നും പ്രഭാഷകര്‍ വ്യക്തമാക്കി.
ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് തീവ്രവാദികളുടെ ഒരു കൂട്ടമാണെന്ന് വക്‌റ സൊഹബ് പള്ളിയിലെ ഇമാം ശൈഖ് അഹമ്മദ് അല്‍ ബുഐനൈന്‍ പ്രഭാഷണത്തില്‍ വിശദീകരിച്ചു. ഇസ്‌ലാമിന്റെ പേരിനെ ഇത്തരക്കാര്‍ അപകീര്‍ത്തിപ്പെടുത്തുകയാണ്. മനുഷ്യത്വത്തിനെതിരെയുള്ള കടന്നാക്രമാണ് കസാസിബയുടെ കൊലപാതകമെന്ന്  രാജ്യാന്തര മുസ്‌ലിം പ്രീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ കൂടിയായ അല്‍ ബുഐനൈന്‍ പറഞ്ഞു.
അല്‍ഖോറിലെ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ പള്ളിയിലെ ഇമാം ഡോ. മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ മിറൈഖി, അസെയ്‌ലിയ പള്ളി ഇമാം ഡോ. അഭായി എന്നിവരും ഖുതുബകളില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഇസ്‌ലാമിന്റെ കാരുണ്യമെന്ന ഗുണത്തെ ഇസ്‌ലാമിക് സ്റ്റേറ്റെന്ന വ്യാജ പേരില്‍ കളങ്കമാക്കുകയാണ് ചെയ്യുന്നതെന്ന് ആഗോള മുസ്‌ലിം പണ്ഡിതസഭ പ്രതികരിച്ചു. അല്ലാഹുവിനല്ലാതെ വേറൊരു സൃഷ്ടിക്കും കരിച്ചു കളയാന്‍ അധികാരമില്ലെന്നും പണ്ഡിത സഭ വ്യക്തമാക്കി. കസാസിബയുടെ കുടുംബത്തിനും ജോര്‍ദാന്‍ ഭരണകൂടത്തിനും പണ്ഡിത സഭ അനുശോചനമറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ആഗോള പണ്ഡിത സഭ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റും സിറിയയിലെ ദാഇഷും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ മാര്‍ഗത്തിലാണ്. യഥാര്‍ഥ തീവ്രവാദമാണ് ഇസ്‌ലാമിന്റെപേരില്‍ ഇവര്‍ നടത്തുന്നത്. ലോകത്തിനാകമാനം കാരുണ്യമായ പ്രവാചകന്റെ ചര്യക്ക് എതിരായാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍. ദാഇഷിന്റെ ചെയ്തികള്‍ക്കെതിരെ ലോക മുസ്‌ലിംകളും മുസ്‌ലിം പണ്ഡിതന്‍മാരും രംഗത്തിറങ്ങണമെന്നും യഥാര്‍ഥ ഇസ്‌ലാമിനെ ലോകത്തിന് പരിചയപ്പെടുത്തണമെന്നും കുറിപ്പില്‍ വ്യക്തമാക്കി.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!