ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട ഉപവാസം സമരം അവസാനിപ്പിക്കുന്നു

large_Irom-Sharmilaദില്ലി: മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള പതിനാറു വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാനായി ഒരുങ്ങുന്നു. ആഗസ്റ്റ്‌ 9 ന്‌ ഉപവാസ സമരം അവസാനിപ്പിക്കുമെന്നാണ്‌ ഇറോം ശര്‍മിള അറിയിച്ചിരിക്കുന്നത്‌. 2017 ല്‍ നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മിള മത്സരിക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. മനുഷ്യാവകാശങ്ങളെ നിസാരമായി ലംഘിക്കാന്‍ സായുധസേനകള്‍ക്ക് അധികാരം നല്‍കുന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്.

ആത്മഹത്യാശ്രമത്തിന്റെ പേരില്‍ നിരവധി തവണ ഈറോം ശര്‍മ്മിളയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ നിന്നെല്ലാം കുറ്റവിമുക്തയായിരുന്നുവെങ്കിലും നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നായിരുന്നു ഇറോം ശര്‍മിള അറിയിച്ചിരുന്നു. കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയാറായിരുന്നില്ല. ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അഫ്‌സ്പ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് തന്റെ പോരാട്ടമെന്നും ഇറോം ശര്‍മിള വ്യക്തമാക്കിയിരുന്നു.

ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ക്ക് മൂക്കിലൂടെ പൈപ്പിട്ട് ദ്രവരൂപത്തിലാണ് ഭക്ഷണം നല്‍കിയിരുന്നത്. ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കെതിരെ അസാം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശര്‍മിള 28ആം വയസ്സില്‍ നിരാഹാരം ആരംഭിച്ചത്.