ഇറോം ശര്‍മിളയുടെ പോരാട്ടത്തിന് 14 ആണ്ട്

irom-sharmilaഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന്റെ അധികാര നിയമത്തിനെതിരെ ഇറോം ശര്‍മിള വെള്ളംപോലും ഉപേക്ഷിച്ച് പോരാട്ടം തുടങ്ങിയിട്ട് 14 വകര്‍ഷം തികഞ്ഞു. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി(അഫ്‌സ്പ)നെതിരെ 2000 നവംബര്‍ നാലിനാണ് ഇറോം ശര്‍മിള മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിരാഹാരവ്രതം ആരംഭിച്ചത്. 14 വര്‍ഷമായി കുഴല്‍വഴി നല്‍കുന്ന ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തിലൂടെ മാത്രമാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

അഫ്‌സ്പ പ്രകാരം സൈന്യത്തിന് സംശയം തോന്നുന്ന ആരെയും വെടിവെച്ച് കൊല്ലുകയോ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയോ ചെയ്യാം. മണിപ്പൂരില്‍ 2000 ല്‍ മാലം ടൗണില്‍ വെച്ച് 10 പേരെ അസം റൈഫിള്‍ വെടിവെച്ചു കൊന്നിരുന്നു. ഇൗ സംഭവത്തെ തുടര്‍ന്നാണ് ശര്‍മിള സമരം തുടങ്ങിയത്. ഇതെ തുടര്‍ന്ന് മൂന്നാം ദിവസം ശര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ശര്‍മിള ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പിന്നീട് ഓരോ വര്‍ഷം കൂടുമ്പോഴും ശര്‍മിളയെ വിട്ടയക്കുകയും നിരാഹാരം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റു ചെയ്യുകയുമാണ് ചെയ്യുന്നത്.

ശര്‍മിളയുടെ സമരം ഇന്നും മാറ്റമില്ലാതെ തുടരുമ്പോഴും അഫ്‌സ്പ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.