സിലിണ്ടര്‍ തിരിച്ചെടുത്തില്ല; ലോറികാരുടെ പ്രതിഷേധം;ചേളാരി ഐഒസിയില്‍ ഫിലിംഗ്‌ മുടങ്ങി

iocവള്ളിക്കുന്ന്‌: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചേളാരി ബോട്ട്‌ലിങ്ങ്‌ പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പ്രതിഷേധം കാരണം മൂന്നു മണിക്കൂറിലേറെ പാചകവാതക ഫിലിംഗ്‌ തടസ്സപ്പെട്ടു. അളവ്‌ കുറഞ്ഞുവരുന്ന സിലിണ്ടറുകള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ്‌ പ്രശ്‌നം. പ്ലാന്റില്‍ നിന്ന്‌ വിവിധ ഏജന്‍സികളിലേക്ക്‌ കയറ്റി അയക്കുന്ന പാചകവാതക സിലിണ്ടറുകളില്‍ അളവില്‍ പറയുന്ന പ്രകാരം പാചകവാതകം ഉണ്ടാകാറില്ല. ഇത്‌ മനസിലാക്കിയ ഏജന്‍സികള്‍ പലതും തുടക്കം മുതല്‍ വരുന്ന സിലിണ്ടര്‍ സ്വീകരിക്കാന്‍ തിരിച്ചയക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ ഏജന്‍സികള്‍ അയക്കുന്ന സിലിണ്ടറുകള്‍ ഐ ഒ സി അധികൃതര്‍ തിരിച്ചെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബുധനാഴ്‌ച ഇത്തരത്തിലുള്ള സിലിണ്ടറുകള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ്‌ പ്രതിഷേധം ആരംഭിച്ചത്‌. പ്ലാന്റില്‍ നിന്ന്‌ കയറ്റി അയക്കുന്ന പാചകവാതക സിലിണ്ടറുകളില്‍ അധികമോ കുറവോ ഉള്ളത്‌ കണക്കാക്കാറില്ലെന്ന്‌ ലോറിതൊഴിലാളികള്‍ കുറ്റപ്പെടുത്തി.

ഒരു ലോറിയില്‍ ഉള്ള 306 സിലിണ്ടറുകളില്‍ അഞ്ചെണ്ണത്തിലെങ്കിലും തൂക്കകുറവ്‌ പതിവാണ്‌ ഇത്‌ ഏജന്‍സികള്‍ ഏറ്റെടുക്കാറില്ല. സമരത്തെ തുടര്‍ന്ന്‌ ഐ ഒ സി യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലുളള രീതിയില്‍ തുടര്‍ന്നു പോവാന്‍ തീരുമാനിച്ചതോടെയാണ്‌ പ്രതിഷേധം അവസാനിച്ചത്‌.

ഐ ഒ സി പ്ലാന്റ്‌ മാനേജര്‍ വി എസ്‌ ശിവകുമാര്‍, ബി എം എസ്‌ നേതാക്കളായ ദിവാകരന്‍, മണ്ണഞ്ചേരി ഗണേശന്‍ എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.