Section

malabari-logo-mobile

തന്നെ അറസ്‌റ്റ്‌ ഇന്റര്‍പോള്‍ പുറത്തുവിട്ട റെഡ്‌ നോട്ടീസ്‌ ആശ്ചര്യപ്പെടുത്തുന്നു;ഡോ.യൂസുഫുല്‍ ഖറദാവി

HIGHLIGHTS : ദോഹ: തന്നെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ പുതിയ റെഡ് നോട്ടീസ് പുറത്തിറക്കിയത് ആശ്ചര്യപ്പെടുത്തുന്നതായി ലോക മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫു...

Doha-Qatarദോഹ: തന്നെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ പുതിയ റെഡ് നോട്ടീസ് പുറത്തിറക്കിയത് ആശ്ചര്യപ്പെടുത്തുന്നതായി ലോക മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ഈജിപ്ത് ഭരണകൂടത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് പ്രമുഖ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍പോള്‍ ഇറക്കിയ നോട്ടീസിലാണ് ഖറദാവിയും ഉള്‍പ്പെട്ടത്.
തനിക്കെതിരെ അറസ്റ്റ് നോട്ടീസ് പുറപ്പെടുവിച്ച ഇന്റര്‍പോളിനെ യൂസുഫുല്‍ ഖര്‍ദാവി രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. 2011ല്‍ തടവുകാരെ ജയില്‍ മോചനത്തിന്  പ്രേരിപ്പിച്ചുവെന്നതാണ് ഖര്‍ദാവിക്കെതിരായ പ്രധാന ആരോപണം. ഏത് നിലവാരമനുസരിച്ചാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്ന് ഈജിപ്തിലെ ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ഖര്‍ദാവി വ്യക്തമാക്കി.
ഖത്തറില്‍ ജീവിക്കുമ്പോള്‍ എങ്ങനെയാണെനിക്ക് ഈജിപ്തിലെ ജയില്‍ തുറന്ന് തടവുകാരെ സ്വതന്ത്രരാക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ഖത്തര്‍ പൗരത്വമുള്ള താന്‍ ഖത്തരി പാസ്‌പോര്‍ട്ട് മാത്രമാണ് യാത്രക്ക് ഉപയോഗിക്കുന്നത്. ആ സമയത്ത് ഖത്തര്‍ വിട്ടിരുന്നോ എന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. ആകാശത്ത് അദൃശ്യനായി പറന്നുചെല്ലാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഹുസ്‌നി മുബാറക്കിനെ സ്ഥാന ഭ്രഷ്ടനാക്കിയ മുല്ലപ്പൂ വിപ്ലവ കാലത്ത് കൊലപാതകങ്ങള്‍ക്കും അക്രമത്തിനും പ്രേരണയും സഹായവും സഹകരണവും ചെയ്തുവെന്ന കുറ്റങ്ങളാണ് ഖര്‍ദാവി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്റര്‍പോളിന്റെ വെബ്‌സൈറ്റിലെ റെഡ് നോട്ടീസില്‍ രണ്ടു ദിവസം മുമ്പാണ് യൂസുഫുല്‍ ഖര്‍ദാവിയുടെ പേര് ഉള്‍പ്പെടുത്തിയത്. ലോക മുസ്‌ലിംകള്‍ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന ഖറദാവിക്കെതിരെ ഇന്റര്‍പോള്‍ ഇറക്കിയിരിക്കുന്ന നോട്ടീസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍പോള്‍ തീരുമാനത്തെ എതിര്‍ത്ത് ‘ഖര്‍ദാവി തീവ്രവാദിയല്ല’ എന്ന ഹാഷ് ടാഗില്‍ നല്‍കി നിരവധി പേര്‍ പ്രതികരിച്ചു. അതേസമയം ഖര്‍ദാവി ഖത്തര്‍ വിടുകയോ ഖത്തര്‍ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഇന്റര്‍പോള്‍ നോട്ടീസ് കൊണ്ട് ഈജിപ്തിനോ ഇന്റര്‍പോളിനോ കാര്യമായ ഒരു ഗുണവുമുണ്ടാകില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!