ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഫേസ് ബുക്ക് ഉപയോഗിക്കാം

facebookദില്ലി : ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഫേസ് ബുക്ക് ഉപയോഗിക്കാന്‍ ഇനി മുതല്‍ നെറ്റ് കണക്ഷന്റെ ആവശ്യമില്ല.

ഇതൊരു വെറും വാക്കല്ല…ഒരു ഇന്ത്യന്‍ കമ്പനിയാണ് ഇത്തരമൊരു പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. അണ്‍ സ്ട്രക്ക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വ്വീസ് ഡാറ്റ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉട്ടോപ്പിയ മൊബൈല്‍ കമ്പനിയാണ് ഈ അവസരമൊരുക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോള്‍ ഫോണ്‍ ബാലന്‍സും മറ്റും ഉപഭോക്താക്കള്‍ അറിയുന്നത്. ഫോണ്‍ ടിഷ് എന്നാണ് ഇവര്‍ ഈ സാങ്കേതിക വിദ്യയെ വിളിക്കുന്നത്. ജിപിആര്‍എസ് ഇല്ലാത്ത സാധാരണ ഫോണില്‍പോലും ഫോണ്‍ടിഷ് ഉപയോഗിച്ച് ഫേസ്ബുക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഫേസ്ബുക്കിലെ പോസ്റ്റുകളും കമന്റുകളും ലൈക്കുകളുമെല്ലാം ഫോണ്‍ടിഷിലൂടെ ലഭിക്കും എന്നാല്‍ ഇവയിലൂടെ ഇപ്പോള്‍ ചിത്രങ്ങള്‍ ലഭിക്കില്ല.

*325# എന്ന് ടൈപ്പു ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ ഫേസ്ബുക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയിലെ ബിഎസ്എന്‍എല്‍ ഒഴികെയുള്ള എല്ലാ സേവന ദാതാക്കളും ഈ സംരംഭവുമായി സഹകരിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. ഈ ഫേസ്ബുക്ക് ഉപയോഗത്തിന് ദിവസം ഒരു രൂപ നിരക്കിലാണ് വാടക ഈടാക്കുന്നത്. ഇപ്പോള്‍തന്നെ പത്ത് മില്ല്യണ്‍ ആളുകള്‍ ഈ സര്‍വ്വീസ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.