അവർ സമാധാനത്തിനായാണ്‌ കാത്തിരിക്കുന്നത്

Untitled-1 copy
അന്‍സാരി ചുള്ളിപ്പാറ/ ജനില്‍ മിത്ര

8-​‍ാമത് അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച ഇറാഖ്-ബെല്ജിയം നാടകമായ ‘വെയിറ്റിങ്ങ്’ പ്രേക്ഷകർ ഇഷ്ടപ്പെട നാടകമായിരുന്നു.യുദ്ധം മൂലം തകർന്ന ഇറാഖിന്റെ വ്യഥകൾ കേവലം അരമണീക്കൂർ നേരം കൊണ്ട് ഹൃദയസ്പർശിയായ അനുഭവമാക്കാൻ അതിനു കഴിയുന്നു.മുഖല്ലദ് റാസിം സംവിധാനം ചെയ്ത ഈ നാടകത്തിൽ പ്രവർത്തിച്ചവരുമായി സംസാരിച്ചപ്പോൾ അവർ പങ്കുവെച്ച അനുഭവങ്ങളും ആശയങ്ങളും വായനക്കാരുമായി പങ്കുവെക്കുന്നു.

ജെസ്സെ
ജെസ്സെ

ഈ നാടകത്തിന്റെ അണിയറയിലും അരങ്ങത്തും പ്രധാനപങ്കുവഹിച്ച/ക്കുന്ന ജെസ്സെ ബെൽ ജിയത്തിൽ നിന്നും അമേരിക്കയിൽ നാടകം പഠിക്കാൻ പോയി അവിടെ വെച്ച് ഒരു നാടക,സിനിമാ കലകാരിയായി ജീവിതം ആരംഭിച്ചവരാണ്‌.മറ്റെല്ലാ രംഗത്തെന്നപോലെ പുരുഷാധിപത്യം നിലനില്ക്കുന്ന നാടകത്തിലും അതിജീവനം ശ്രമകമായിരുന്നു അവർക്ക്.കാത്തലിക് കുടുംബത്തിൽ പിറന്നുവെങ്കിലും മാതാപിതാക്കൾ യുക്തിവാദികളായിരുന്നതിനാൽ മതത്തിന്റെ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നിട്ടില്ല. അതേസമയം എല്ലാ മതങ്ങളിളും തല്പരരായിരുന്നു.ബുദ്ധിസം,ഹിന്ദുയിസം,ക്രിസ്ത്യാനിറ്റി.ഇസ്ലാം തുടങ്ങി എല്ലാറ്റിലും അവർക്ക് താല്പര്യമുണ്ടായിരുന്നു.എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക ദൈവത്തിൽ വിശ്വസിക്കുന്നില്ല.

ഉപരിപ്ളവരാഷ്ട്രീയം പറയാനല്ല,അത്മാവിഷ്കാരത്തിനുള്ള മാധ്യമമായാണ്‌ അവർ നാടകത്തെ കാണുന്നത്.ശരിതെറ്റുകൾ പറയാനല്ല , അവ പ്രകടിപ്പിക്കാൻ മാത്രമേ ഒരു കലാകാരിക്കാകൂ.2011 സെപ്തംബർ9 ലെ ഭീകരാക്രമണ സമയത്ത് അവർ അമേരിക്കയിലായിരുന്നു.അത് അവരിൽ വല്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കി. ബെൽ ജിയത്തിലേക്ക് തിരിച്ചുവന്നു. കലാകാരിയാണെങ്കിലും താൻ സമൂഹത്തിനു നടുവിലാണ്‌ ജീവിക്കുന്നത്.9/11 സംഭവം അവരിൽ ഉണ്ടാക്കിയ പ്രതിസന്ധിയാണ്‌ ഇറാഖി കലാകാരന്മാരുമായി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിച്ചത്.
9/11 ന്‌മുമ്പ് അമേരിക്കൻ തിയേറ്റർ കമ്പനിയിൽ പ്രവർത്തിച്ച അവർ അതിനു ശേഷം ബെല്ജിയത്തിൽ വന്ന് ഇറാഖി ആർട്ടിസ്റ്റുകളേ ക്ഷണിച്ച് പുതിയ തിയേറ്റർ ഗ്രൂപ്പുണ്ടാക്കി.മുമ്പുള്ളവയിൽനിന്നും വ്യത്യസ്തമായി അത് ഒരു ഓർഗാനിക് തിയേറ്റർ ഗ്രൂപ്പ് ആണെന്നാണ്‌ അവർ പറയുന്നത്.ഏതാനും നാടകങ്ങൾ നിർമ്മിച്ചു ഇറാഖിലടക്കം അവതരിപ്പിച്ചു.വെയിറ്റിംഗ് ഇറാഖിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.എന്നാൽ അവിടെ അവതരിപ്പിച്ച ഗ്രൂപ്പിന്റെ മറ്റു നാടകങ്ങളോടുള്ള ഇറാഖി പ്രേക്ഷകരുടെ പ്രതികരണം ആവേശകരമായിരുന്നു.ഭാഷയുടെ പരിമിതി മറന്ന് അവർ നാടകങ്ങൾ ഇഷ്ടപ്പെടുകയും കൈതരികയും കെട്ടിപ്പിടിക്കുകയും ചെയ്തു.ഭരണകൂടത്തിനും മതത്തിനും വേണ്ടെങ്കിലും ജനങ്ങൾക്ക് നാടകം വേണമെന്ന് അതിലൂടെ വ്യക്തമാകുന്നു.

വെളിച്ചത്തിന്റെയും തിളക്കത്തിന്റെയും മാധ്യമമാണ്‌ നാടകം.എന്നാൽ വെയിറ്റിംഗ് എന്ന നാടകത്തിൽ അവർ ഇരുട്ടത്ത് നിന്നുകൊണ്ട് ഇറാഖിലെ ജനങ്ങളെയും അവരുടെ പ്രശ്നങ്ങളെയും വെളിച്ചത്ത് കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്. കാത്തിരിപ്പിനെക്കുറിച്ചുള്ള അവരുടെ നേരനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും ചിന്തകൾക്കും ഒരു മാധ്യസ്ഥം വഹിക്കുക മാത്രമാണ്‌ താൻ നാടകത്തിൽ ചെയ്യുന്നതെന്ന് അവർ പറയുന്നു.

കേരളത്തിലെ പ്രേക്ഷകർ വളരെ ധ്യാനാത്മകമായി നാടകത്തെ അനുഭവിച്ചറിയുന്നവരാണെന്ന് അവർ പറയുന്നു.പെട്ടെന്ന് ആവേശത്തോടെ പ്രതികരിക്കാതെ പതുക്കെ ഉള്ളിലേക്കെടുത്ത ശേഷം നന്നായി പ്രതികരിക്കുന്നു.തന്റെ നാടകത്തെ അങ്ങനെയാണ്‌ ഇവിടത്തെ പ്രേക്ഷകർ സ്വീകരിച്ചതെന്ന് അവർ പറയുന്നു.

ബാസിം അല്‍ തയ്യിബ്‌
ബാസിം അല്‍ തയ്യിബ്‌

ഈ നാടകത്തിലെ അഭിനേതാവായ ഇറാഖുകാരനായ ബാസിം അൽ തയ്യിബിനും നാടകത്തെക്കുറിച്ചും ഇറാഖിലെ സാഹചര്യങ്ങളെക്കുറിച്ചും ഒട്ടേറെ പറയാനുണ്ട്.ബെല്ജിയത്തിൽ അഭയാർഥിയാണദ്ദേഹം.മുമ്പ് ബാഗ്ദാദിൽ തിയേറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു.അമേരിക്കൻ യുദ്ധമാണ്‌ പലരെയുമ്പോലെ അദ്ദേഹത്തെയും ഇറാഖിലെത്തിച്ചത്.

16-​‍ാം വയസ്സിൽ നാടകവുമായി ബന്ധപ്പെട്ടു.10 വർഷം നാടകം പഠിച്ചു.ബാഗ്ദാദിൽ നൃത്തവും നാടകങ്ങളും നിരവധി അവതരിപ്പിച്ചു. അമേരിക്കൻ യുദ്ധത്തിനു ശേഷം 2005ൽ ബെല്ജിയത്തിലെത്തി.ഇപ്പോഴും ഇടക്ക് ഇറാഖിൽ പോകും.അവിടെ നാടകപ്രവർത്തനങ്ങളിൽ ഏർപ്പെടും. യുദ്ധത്തിനുശേഷം നിലവിൽ വന്ന ഭരണകൂടങ്ങളിൽ മതത്തിന്റെ സ്വാധീനം കൂടുതലായിരുന്നു.അവർ കലകളെ പരിഗണിച്ചില്ല.അതുകൊണ്ട് സംഗീതത്തെയും കലകളെയും സ്വപ്നങ്ങളെയും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടായിരുന്നു.അത് വളരെ പ്രയാസകരമായിരുന്നു.എങ്കിലും മൂന്നോളം നാടകങ്ങൾ അവതരിപ്പിച്ചു.

ശരീരം ഒർഏസമയം സൗന്ദര്യവും സന്ദേശവുമായി വർത്തിക്കുന്നു.ഇറാഖിൽ നാടകത്തിലായാലും പൊതുസ്ഥലത്ത് വെച്ച് സ്ത്രീ,പുരുഷ സ്പർശനത്തിന്‌ വിലക്കുണ്ട്.ഇത് നാടകവേദിക്ക് പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്നു.മുമ്പ് സദ്ദാം ഹുസൈന്റെ കാലത്ത്പോലും ഇറാഖിൽ വന്ന ജർമ്മൻ നാടകസംഘത്തിലെ നടി അരങ്ങിൽ വസ്ത്രമുരിഞ്ഞെന്ന് പറഞ്ഞു വലിയ കോലാഹലമുണ്ടായി.ഇപ്പോഴത്തെ ഗവണ്മെന്റിനും മതത്തിനും കല ആവശ്യമില്ല.അവർ കല മതത്തിനെതിരാണെന്ന് പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ഇപ്പോഴും ധാരാളം ഗായകസംഘങ്ങളും നാടകസംഘങ്ങളും മറ്റ് കലാസംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.ബാഗ്ദാദ് കലകളുടെ നഗരമാണ്‌.

ഒരു ഭാഗത്ത് ദൈവത്തിന്റെ പേരിൽ കൊല്ലുന്നു,മോഷ്ടിക്കുന്നു,എല്ലാ തിന്മകളും ചെയ്യുന്നു.എങ്കിലും കല അതിജീവനത്തിനായി പോരാടുന്നു.
20 വർഷമായി ബാഗ്ദാദിന്‌ പുറം ലോകവുമായി ബന്ധമില്ലായിരുന്നു.പുറം ലോകത്തെ മാറ്റങ്ങൾ അറിയാൻ അതിനു കഴിഞ്ഞില്ല.ഭരണകൂടം അതിൽ നിന്നൊക്കെ തടഞ്ഞുനിർത്തി.അത് കലയെയും ബാധിച്ചു.രഹസ്യമായുള്ള കലാപ്രവർത്തനങ്ങൾ നടന്നു.ഇപ്പോൾ മീഡിയയുമായി ബന്ധപ്പെടാൻ കഴിയുന്നുണ്ട്.അതിലൂടെ കൂടുതൽ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

സ്ത്രീകളുടെ അവസ്ഥ യുദ്ധത്തോടെ കൂടുതൽ പരിതാപകരമായി.സ്വാതന്ത്ര്യം അവർക്ക് കൂടുതൽ അന്യമായി.ഭയം അവരെ വേട്ടയാടുന്നു. ലജ്ജയിൽ തന്നെ മുങ്ങിക്കഴിയുന്നു.
ബാഗ്ദാദിൽ പരമ്പരാഗതമായ സംഗീതവും നൃത്തവും ഉണ്ട്.പരമ്പരാഗത തിയേറ്റർ ഇല്ല.

വെയിറ്റിംഗ് എന്ന നാടകം ഒരു പുതിയ അനുഭവമാണ്‌ അതിലെ കലാകാരന്മാർക്കും നല്കുന്നത്.സാമുവൽ ബക്കറ്റിന്റെ നാടകത്തിന്റെ പുനരാവിഷ്കാരമല്ല ഇത്. അതിലെ കാത്തിരിപ്പെന്ന പ്രമേയത്തിന്റെ സ്വാധീനത്തിൽ രൂപപ്പെട്ട നാടകമാണിത്.കാത്തിരിപ്പെന്ന ഘടകത്തെ മാത്രമെടുത്ത് അതിനെ ഇറാഖിന്റെ യാഥാർഥ്യത്തിൽ പുന:പ്രതിഫലിപ്പിക്കുകയാണിതിൽ. ഒരു യുദ്ധം,അല്ലെങ്കിൽ അധിനിവേശം,അതുണ്ടാക്കുന്ന അഭയാർത്ഥി പ്രശ്നങ്ങൾ ഒക്കെ ഔദ്യോഗിക രേഖകൾക്കായുള്ള ഓട്ടവും കാത്തിരിപ്പും ഒരു ജനതക്കുമേൽ അടിച്ചേല്പ്പിക്കുന്നുണ്ട്. അത്തരം യാഥാർഥ്യങ്ങൾ തേടി ക്യാമറയുമായി ജനങ്ങളുമായി സംസാരിക്കുന്നു.ജനങ്ങൾ വ്യത്യസ്തമായ അവരുടെ കാത്തിരിപ്പുകളെ അതിലൂടെ പ്രകടിപ്പിക്കുന്നു.ഇതിനെ ജനങ്ങൾക്ക് നാടകത്തിലൂടെ നേരിട്ട് പ്രേക്ഷകരുമായി പങ്കുവെക്കാനുള്ള അവസരമാക്കി സംവിധായകൻ മാറ്റുന്നു. നടന്മാർ ഇരുട്ടത്ത് നിൻങ്കൊണ്ട് ജനങ്ങളെ പ്രേക്ഷകർക്കുമുമ്പിൽ വെളിച്ചപ്പെടുത്തുകയാണ്‌ ചെയ്യുന്നതെന്ന ജെസ്സെയുടെ അഭിപ്രായത്തെ മറ്റൊരു രീതിയിൽ തയ്യിബും പങ്കുവെക്കുന്നു.