Section

malabari-logo-mobile

തസ്രാക്കിന്‌ അരങ്ങത്ത് പുനർജനനം

HIGHLIGHTS : അന്‍സാരി ചുള്ളിപ്പാറ/ജനില്‍ മിത്ര 8-​‍ാമത് അന്താരഷ്ട്ര നാടകോത്സവത്തിൽ,മലയാള നാടകവേദിയെ ഔന്നത്യത്തിന്റെ പുതിയ തലത്തിലേക്ക് പിടിച്ചുയർത്തുന്ന ‘ഖസാക്ക...

അന്‍സാരി ചുള്ളിപ്പാറ/ജനില്‍ മിത്ര

itfok 2016 48-​‍ാമത് അന്താരഷ്ട്ര നാടകോത്സവത്തിൽ,മലയാള നാടകവേദിയെ ഔന്നത്യത്തിന്റെ പുതിയ തലത്തിലേക്ക് പിടിച്ചുയർത്തുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം അഭിമാനകരമായ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുകയുണ്ടായി.ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ ഭാവുകത്വപരമായ മാറ്റങ്ങൾക്ക് സമാനമായി കരുതാവുന്നതാണ്‌ ദീപൻ ശിവരാമൻ സംവിധാനം ചെയ്ത അതിന്റെ രംഗഭാഷ്യത്തെയും.
പുനർവായന,രംഗഭാഷ്യം എന്നൊക്കെയുള്ള പതിവു വാക്കുകൾക്കപ്പുറത്ത് തസ്രാക്ക് എന്ന ഗ്രാമം ഇവിടെ അരങ്ങിൽ പുനർജനിക്കുകതന്നെയാണ്‌. കാരണം മൂന്ന് മണിക്കൂറും ഇരുപത്തഞ്ചു മിനുട്ടും ദൈർഘ്യമുള്ള ഈ നാടകം സമയദൈർഘ്യം കൊണ്ടുമാത്രമല്ല, മലയാളത്തിലെ ഇതുവരെയുള്ള അരങ്ങാവിഷ്കാരങ്ങളെയൊക്കെ ഭാവുകത്വപരവും രൂപപരവും സാങ്കേതികപരവുമായൊക്കെ അതിശയിക്കുന്നുണ്ട്. ഒ വി വിജയന്റെ ഇതിഹാസം അരങ്ങിനൊന്നും വഴങ്ങാതെ ഇത്രയും കാലം വാശിപിടിച്ചു നിന്നത് ഇങ്ങനെയൊരു അനുഗ്രഹീത പുന:പിറവി പ്രതീക്ഷിച്ചു കൊണ്ടുതന്നെയായിരിക്കണം. തസ്രാക്കും ഖസാക്കും മലയാളിയെ പിന്തുടർന്നുകൊണ്ടേയിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു ഇത്. ഇന്നോളം ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു ദൗത്യമാണ്‌ ദീപൻ ശിവരാമനും തൃക്കരിപ്പൂരിലെ കെ എം കെ കലാസമിതിയും ഏറ്റെടുത്തത്. ആ ദൗത്യത്തിന്റെ അതിശയകരമായ വിജയമായി മലായാള നാടകവേദിയും പ്രേക്ഷകസമൂഹവും അതനുഭവിച്ചാനന്ദിക്കുകയാണ്‌.

sameeksha-malabarinews

itfok 2016 2മനുഷ്യജീവിതത്തിന്റെ വിചിത്രവൈവിധ്യങ്ങളുടെ അതിനിഗൂഢവും മായികവുമായ ഒരു കൊച്ചു ഭൂപ്രദേശമാണ്‌ ഏതുഗ്രാമത്തെപ്പോലെയും തസ്രാക്ക്. നോവലിസ്റ്റിന്റെ സർഗാത്മക ഭാവനയിൽ അത് വായനക്കാർക്ക് അന്യമായി നിന്ന് അനുഭവിക്കാവുന്ന നിഗൂഢതയുടെ ഒരു തുരുത്തായി മാറി.  ജാതിയും മതവും സ്ത്രീയും പുരുഷനുമൊക്കെ ചേർന്ന വൈവിധ്യ സ്വത്വങ്ങളുടെ ലയമാണ്‌ ഖസാക്ക്. ഈ സ്വത്വങ്ങൾക്കെല്ലാമകത്ത് ആറ്റത്തിൽ നിന്ന് ഉപാറ്റോമിക കണികകളിലേക്കും അതിൽ നിന്ന് അനേകം അജ്ഞേയതകളെ നമ്മുടെ ഉള്ളിൽ ബാക്കിനിർത്തിക്കൊണ്ട് പടർന്ന് പെരുക്കുന്ന അതിസൂക്ഷ്മകണികകളുടെ ലോകം പോലെ ഉപസ്വത്വങ്ങളുടെ ലോകവും ഖസാക്കിലുമുണ്ട്. ഖസാക്കിലെ ഓരോ വ്യക്തിയും ഒരു ഇതിഹാസമാണ്‌. ഓരോരുത്തരും ഒരു ഫിക്ഷനെ അന്തർവഹിക്കുന്നുണ്ടെന്നർഥം. സ്വത്വങ്ങളുടെ സൂക്ഷ്മമായ ഈ വൈവിധ്യവ്യാപനമാണ്‌ മനുഷ്യജീവിതത്തെ എന്നപോലെ ഖസാക്കിനെയും തസ്രാക്കിനെയുമൊക്കെ നിഗൂഢമാക്കുന്നത്. നാടകത്തിന്റെ വെല്ലുവിളിയും അതായിരുന്നു. അതായത് സ്വത്വവൈവിധ്യത്തിന്റെ കൊടുംകാനനനിഗൂഢതയെ എങ്ങനെ അരങ്ങത്ത് അനുഭവവേദ്യമാക്കും എന്നത്.

itfok 2016 3അരങ്ങിൽ തസ്രാക്ക് ഖസാക്കായല്ല പുനർജനിക്കുന്നത്,പുതിയ തസ്രാക്കായിത്തന്നെയാണ്‌. രവി മാത്രമല്ല ഖസാക്കിലെ മറ്റു കഥാപാത്രങ്ങളും സ്വന്തം അസ്തിത്വം സ്ഥാപിച്ച് മിഴിവുറ്റ ശരീരങ്ങളായി പുനർജ്ജനിക്കുകയാണ്‌. നോവലിൽ നിന്നോ തസ്രാക്കിൽ നിന്നോ മാത്രമല്ല,നമ്മുടെ ഉള്ളിൽ നിന്നു തന്നെയാണ്‌ ചൂട്ട് മിന്നിച്ചുകൊണ്ട് ഓരോ കഥാപാത്രവും അരങ്ങത്തെത്തുന്നത്. അത്തരമൊരു ലയമാണ്‌ ഇത്രയും ദൈർഘ്യമുള്ള ഒരു അരങ്ങവതരണത്തിൽ മനം മുങ്ങി ജീവിക്കാൻ പ്രേക്ഷകരെ സാധ്യമാക്കുന്നത്. തസ്രാക്കെന്ന സ്ഥലം,അതിന്റെ ശബ്ദങ്ങൾ,മണങ്ങൾ,രുചികൾ,പ്രകൃതി,ഋതുഭേദങ്ങൾ ഒക്കെയുമായി പ്രേക്ഷകരെ ബന്ധിപ്പിച്ചു നിർത്താൻ ആഴത്തിലുള്ള അരങ്ങ്ബോധത്താൽ സംവിധായകന്‌ കഴിയുന്നുണ്ട്.

തസ്രാക്ക് ഗ്രാമം ഒ വി വിജയൻ എന്ന സർഗാത്മക എഴുത്തുകാരന്റെ ഉള്ളിൽ ഉണ്ടാക്കിയ ഉരുകലുകളിലും വേവലിലും നിന്നുമൊക്കെയായിരിക്കുമല്ലോ നോവൽ പിറന്നിട്ടുണ്ടായിരിക്കുക. എന്നാൽ ഈ നാടകത്തിന്റെ സൃഷ്ടിപ്രക്രിയയുടെ പരിശ്രമങ്ങളും യാതനകളും ഒരു ഗർഭപാത്രം പോലെ ഒരു ഗ്രാമം മുഴുവൻ അനുഭവിക്കുകയും ആനന്ദിക്കുകയും ചെയ്തതിന്റെ നേരനുഭവം ഇതിൽ അഭിനയിച്ചവർക്കും പങ്കാളികളായവർക്കും പറയാനുണ്ട്. വായിച്ചു കഴിഞ്ഞ് പുസ്തകക്കൂട്ടത്തിലും ഓർമ്മകളിലും അമർന്നുകിടന്ന ഖസാക്കിന്റെ ഇതിഹാസം എന്ന അനുഭവത്തെ ഈ വിധം തട്ടിയുണർത്താൻ ദീപൻ ശിവരാമൻ എന്നൊരാൾ എത്തുമെന്ന് ഏതു ഗ്രാമത്തെപ്പോലെയും തൃക്കരിപ്പൂർ ഗ്രാമവും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ തസ്രാക്കിനെന്ന പോലെ ഒരുനിയോഗം അവരെയും കാത്ത് കിടക്കുകയായിരുന്നു. ഒരു അവതാരപുനർജ്ജന്മത്തിന്റെ ബീജത്തെ വഹിക്കാനും പൂർണ്ണരൂപമായി വളർത്താനുമുള്ള ഗർഭപാത്രമായിത്തീരാൻ ഒരു ഗ്രാമത്തിനു കഴിഞ്ഞെങ്കിൽ അത് കലയുടെ നിയോഗം തന്നെയാണ്‌.itfok 2016 1ഈ ഗ്രാമം മുഴുവൻ തസ്രാക്കിനെയും ഖസാക്കിനെയും അന്വേഷിക്കുകയും പുതിയ രൂപത്തിൽ അറിഞ്ഞനുഭവിക്കുകയുമായിരുന്നു. തസ്രാക്കും ഖസാക്കും തൃക്കരിപ്പൂർ ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും മനസ്സുകളിൽ ഉരുകിച്ചേരുകയായിരുന്നു. ചെമ്പും ഈയവും പോലെ, ബീജവും അണ്ഡവും പോലെ. ഒരു പുനരവതാരജന്മദൗത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്‌ തങ്ങളെന്ന അഭിമാനബോധം ഇതിൽ അഭിനയിച്ചവരിലും ഭാഗമായവരിലും കാണാം. അവർ അത് അനുഭവിച്ചാനന്ദിച്ചുകൊണ്ടിരിക്കുകയാണ്‌. മുമ്പ് ഒരു നാടകത്തില്പോലും അഭിനയിക്കാത്തവർവരെ ഈ ഉരുകലിലൂടെ നടന്മാരും നടികളുമായി അരങ്ങത്തെത്തുമ്പോൾ അത് വ്യക്തികളുടെയും ഗ്രാമത്തിന്റെയും ജന്മസാഫല്യത്തോളം മഹത്തരമായി മാറിയതായി അവർക്ക് തോന്നുന്നു. ഇവരൊക്കെ ഒരു ഇതിഹാസത്തിലെ അവതാരപുരുഷന്മാരും സ്ത്രീകളുമായി വ്യക്തിത്വമാർന്ന് സ്വത്വവൈവിധ്യത്തെ വിളിച്ചോതി പുനർജനിക്കുമ്പോൾ നാടകമെന്ന കല അവരുടെ ജീവിത സത്തയുടെ ഭാഗമാകുകയാണ്‌. അതുകൊണ്ടുതന്നെ ഈ നാടകം ഒരു ഗ്രാമം അനുഭവിച്ച,അനുഭവിച്ചുകൊണ്ടിരിക്കുന്ന അഥവാ ജീവിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസംകൂടിയായി മാറുകയാണ്‌. ഒരുപക്ഷെ തസ്രാക്ക് ഖസാക്കായതിനുമപ്പുറം തീക്ഷ്ണവും മഹത്തരവുമായ സൃഷ്ടിയുടെ രാസപ്രക്രിയക്ക് സ്വയം നിന്നുകൊടുത്ത,സ്വന്തം ശരീരത്തിൽ അനുഭവിച്ച ഈ ഗ്രാമസമൂഹത്തെ അഭിനന്ദിക്കാതെ വയ്യ. തസ്രാക്കിനും ഖസാക്കിനുമൊപ്പം ഇനി തൃക്കരിപ്പൂരിനെയും ചേർത്ത് പറഞ്ഞേ പറ്റൂ. ചുരുങ്ങിയത് നാടകലോകത്തിലെങ്കിലും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!