അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷവും കൂട്ടയോട്ടവും സംഘടിപ്പിച്ചു

തിരുവനന്തപുരം:അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്റെയും കൂട്ടയോട്ടത്തിന്റെയും ഒളിമ്പ്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, കായിക അവാര്‍ഡുകള്‍ എന്നിവയുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം കവടിയാര്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു. കായികമേഖലയില്‍ പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു.

ഒളിമ്പ്യന്‍ സുരേഷ്ബാബുവിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ 25000 രൂപയും ശില്‍പവുമടങ്ങുന്ന ഒളിമ്പ്യന്‍ അവാര്‍ഡ് ചടങ്ങില്‍ അത്‌ലറ്റ് എം.ഡി. വല്‍സമ്മയ്ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഒളിമ്പ്യന്‍ കെ.എം. ബീനാമോള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രമുഖ കായികതാരങ്ങള്‍, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, സൈനിക, അര്‍ധ സൈനിക സേന, പോലീസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി, എന്‍.എസ്.എസ്, എല്‍.എന്‍.സി.പി, സ്റ്റുഡന്റ് പോലീസ്, റോളര്‍ സ്‌കേറ്റിംഗ്, സൈക്കിളിംഗ്, അശ്വാരൂഢസേന തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.

കവടിയാര്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. സംസ്ഥാന കായിക വകുപ്പിന്റെയും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

Related Articles