മിശ്രവിവാഹം ക്രൈസ്‌തവ വിശ്വാസത്തിന്‌ എതിരെന്ന പ്രസ്‌താവന;ഖേദപ്രകടനവുമായി ബിഷപ്പ്‌

IDUKKI-BISHOPതൊടുപുഴ: കഴിഞ്ഞദിവസം താന്‍ നടത്തിയ മിശ്രവിവാഹം ക്രൈസ്‌തവ വിശ്വാസത്തിനെതിരാണെന്ന പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. എന്റെ പരാമര്‍ശം ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും അതില്‍ ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു വെന്നും ബിഷപ്പ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

മിശ്രവിവാഹം ക്രൈസ്‌തവ വിശ്വാസത്തിനെതിരാണെന്നും ഇതു സഭാ വശ്വാസത്തെ തകര്‍ക്കുമെന്നും ബിഷപ്പ്‌ ആനക്കുഴിക്കാട്ടില്‍ പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമ്മേളനത്തിലായിരുന്നു ഇടുക്കി ബിഷപ്പിന്റെ വിവാദപരാമര്‍ശം.

കത്തോലിക്ക പെണ്‍കുട്ടികളെ ലൗ ജിഹാദ്‌ വഴിയും എസ്‌എന്‍ഡിപിയുടെ നിഗൂഢ അജണ്ടവഴിയും തട്ടിക്കൊണ്ടുപോകുന്നതായും ബിഷപ്പ്‌ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. എസ്‌എന്‍ഡിപി ശക്തമായ പ്രതിഷേധത്തിനൊരുങ്ങവെയാണ്‌ ബിഷപ്പിന്റെ ഖേദപ്രകടനം.