Section

malabari-logo-mobile

ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്തെത്തുന്നു

HIGHLIGHTS : ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വിവിധോദ്ദേശ ബന്ധങ്ങളുടേയും വളരുന്ന സഹകരണത്തിന്റേയും ഭാഗമായി ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്തെത്ത...

ins delhiദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വിവിധോദ്ദേശ ബന്ധങ്ങളുടേയും വളരുന്ന സഹകരണത്തിന്റേയും ഭാഗമായി ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്തെത്തുന്നു. ഈ മാസം 14 മുതല്‍ 17 വരെയാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐ എന്‍ എസ് ദല്‍ഹിയും ഐ എന്‍ എസ് തൃശൂലും ദോഹ തുറമുഖത്ത് നങ്കൂരമിടുക.

ഇന്ത്യന്‍ നാവികസേനയുടെ ദീപക്, ദല്‍ഹി, തബാര്‍, തൃശൂല്‍ എന്നിവ ഒരുമാസം നീളുന്ന സന്ദര്‍ശനത്തിന് ജി സി സി രാജ്യങ്ങളില്‍ എത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ സന്ദര്‍ശനം. മുംബൈ കേന്ദ്രമാക്കിയുള്ള ഇന്ത്യന്‍ നേവിയുടെ വെസ്റ്റേണ്‍ ഫഌറ്റിന്റെ ഭാഗമാണ് കപ്പലുകള്‍.

sameeksha-malabarinews

ഉഭയകക്ഷി ബന്ധങ്ങളുടെ ഭാഗമായുള്ള സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളുടേയും നാവിക സേനാംഗങ്ങള്‍ സംയുക്ത പരിശീലനം നടത്തും.

ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ക്ക് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നതിന് ഖത്തര്‍ ഗവണ്‍മെന്റിനോടും അമീരി നാവികസേനയോടും ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.

കൃസ്തുവിന് മുമ്പ് 4000 മുതല്‍ തന്നെ ഇന്ത്യയ്ക്ക് ഗള്‍ഫ് മേഖലയുമായി വ്യാപാര ബന്ധങ്ങളും കടല്‍ സമ്പര്‍ക്കങ്ങളുമുണ്ടായിരുന്നതാ യി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എയര്‍ക്രാഫ്റ്റ് കാരിയറുകള്‍, അത്യന്താധുനിക കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, എയര്‍ക്രാഫ്റ്റിലും കടലിലും ഒരുപോലെ ഉപയുക്തമാകുന്ന കമാന്റോകള്‍ തുടങ്ങി വ്യത്യസ്ത കഴിവുള്ളതാണ് ഇന്ത്യന്‍ നാവികസേന. ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പ്രത്യേകതകളിലൊന്ന് പട്ടാളക്കപ്പലുകളില്‍ ഭൂരിപക്ഷവും ഇന്ത്യതന്നെ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ളവയാണെന്നതാണ്.

ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ നാവിക സേന നിരവധി തവണ ഗള്‍ഫ് രാജ്യങ്ങളിലെ നാവിക സേനകളുമായി ചേര്‍ന്ന് സംയുക്ത പരിശീലനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ നാവിക സേനകള്‍ക്ക് പരിശീലനം നല്കുകയും ജലമാപിനികളില്‍ മികച്ച പിന്തുണ നല്കുകയും ചെയ്തിട്ടുണ്ട്.

2008 ഒക്ടോബര്‍ മുതല്‍ സോമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ഇന്ത്യന്‍ നാവികസേന നല്കുന്ന സഹായങ്ങള്‍ മേഖലയിലെ രാജ്യങ്ങളുമായി മികച്ച ബന്ധത്തിലാകാന്‍ സഹായകമായിട്ടുണ്ട്.

ഖത്തര്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ തീവ്രവാദത്തിനും കൊള്ളയ്ക്കുമെതിരെയുള്ള ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അപകടങ്ങള്‍ തരണം ചെയ്യാനുള്ള സൂക്ഷ്മപാഠങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.

ഔദ്യോഗിക കൂടിക്കാഴ്ചകളോടൊപ്പം കായിക- സാമൂഹ്യ കൂടിച്ചേരലുകളും യാത്രയുടെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച ബന്ധങ്ങള്‍ വളരുന്നതിനോടൊപ്പം പ്രതിരോധ രംഗത്തും ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം സഹകരണത്തിന്റെ നയങ്ങളാണ് പിന്തുടരുന്നത്. 2008 നവംബറില്‍ പ്രതിരോധ സഹകരണ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതോടെ പരസ്പരം ബന്ധം കൂടുതല്‍ ദൃഢമായി. പരിശീലനം, തന്ത്രപ്രധാനമായ പഠനങ്ങള്‍, സംയുക്ത പരിശീലനം, വിവരങ്ങളുടെ പങ്കുവെക്കല്‍ എന്നിവ ഇന്ത്യ- ഖത്തര്‍ സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റി ഇതിനകം നാല് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.

ഈ വര്‍ഷം ജനുവരി ആറിന് ന്യൂദല്‍ഹിയിലാണ് അവസാനത്തെ കൂടിക്കാഴ്ച നടന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 35 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തില്‍ ഇന്ത്യയും ഖത്തറും അംഗങ്ങളാണ്.

കടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുകയും മറ്റ് പ്രശ്‌നങ്ങളില്‍ പരസ്പര സഹകരണവുമാണ് ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തിന്റെ ലക്ഷ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!