പ്രാര്‍ത്ഥിച്ചത് കൊണ്ട് ക്യാന്‍സര്‍ മാറില്ല;ഇന്നസെന്റ്

പരപ്പനങ്ങാടി: പ്രാര്‍ത്ഥിച്ചത് കൊണ്ട് ക്യാന്‍സര്‍ മാറില്ലെന്നും അതിന് ശരിയായ ചികിത്സ തന്നെ നടത്തണമെന്നും നടന്‍ ഇന്നസെന്റ്. തന്റെ ജീവിതാനുഭവത്തെ സാക്ഷ്യപ്പെടുത്തി പരപ്പനങ്ങാടിയില്‍ ലെന്‍സ്‌ഫെഡ് ഒരുക്കിയ ചടങ്ങിലാണ് സിനിമാനടനും എംപിയുമായ ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്. എംപി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനാണ് താന്‍ മുന്‍ഗണന കൊടുക്കുന്നതെന്നും അര്‍ബുദ രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമായി ഇപ്പോള്‍തന്നെ മണ്ഡലത്തില്‍ മുന്ന് കോടിയോളം രൂപ ചിലവിട്ടതായും അദേഹം പറഞ്ഞു. ലെന്‍സ്‌ഫെഡിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലെന്‍സ്‌ഫെഡ് -മിനാര്‍ വീട് അവാര്‍ഡ് സമര്‍പ്പണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

മലപ്പുറം ജില്ലയിലെ എന്‍ജിനിയര്‍മാര്‍ നിര്‍മ്മിച്ച 47 വീടുകളാണ് മത്സരത്തിനായി പരിഗണിച്ചത്. ഇതില്‍ ഹാബിറ്റേറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ഹുമയൂണ്‍ കബീറിന്റെ വീടിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഒന്നാം സമ്മാനമായി ലഭിച്ച ക്യാഷ് അവാര്‍ഡ് ഹുമയൂണ്‍ കബീര്‍ വീടില്ലാത്തവര്‍ക്ക് വീടുവെക്കാനുള്ള സഹായധനമായി നഗരസഭാ കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന് കൈമാറി.

ചടങ്ങില്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, നഗരസഭാ ഉപാധ്യക്ഷന്‍ എച്ച് ഹനീഫ, ദേവന്‍ ആലുങ്ങല്‍, സനില്‍ നടുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.