ചെറുകിട വ്യവസായ മേഖല 20 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ചെറുകിട വ്യവസായ മേഖലയില്‍ സംസ്ഥാനത്ത് 20 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ കഴിഞ്ഞതായി വ്യവസായ ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സില്‍ 65 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന റോളിംഗ് മില്‍ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ചെറുകിട വ്യവസായ രംഗത്തേക്ക് വരുന്നുണ്ട്. കിന്‍ഫ്ര പാര്‍ക്കുകളില്‍ പുതിയ സംരംഭകര്‍ക്ക് സ്ഥലം നല്‍കാനാകാത്ത വിധം തിരക്കനുഭവപ്പെടുകയാണ്. പരമ്പരാഗത വ്യവസായ മേഖല ഏറെക്കുറെ പ്രശ്‌നരഹിതമാണിപ്പോള്‍. ഐ.ടി.രംഗം അനുദിനം വളര്‍ച്ച നേടുകയുമാണ്. നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് നവീന കണ്ടു പിടിത്തങ്ങളുണ്ടാകുന്നത് ഏറെ പ്രതീക്ഷ തരുന്നുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി.അധ്യക്ഷത വഹിച്ചു. സെയില്‍-എസ്.സി.എല്‍ ചെയര്‍മാന്‍ കെ.എസ്.ശ്രീനിവാസ് , കെ.എസ്.ഐ.ഇ ചെയര്‍മാന്‍ എം.സി.മായിന്‍ ഹാജി, സെയില്‍ ഡയറക്ടര്‍ ഒ.പി.അറോറ, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.സൈഫുന്നിസ, സുരേഷ് പൈ, കെ.ഉണ്ണീരിക്കുട്ടി, എന്‍.സി അബൂബക്കര്‍, പി.സായിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.