Section

malabari-logo-mobile

ഇന്ത്യാവിഷനിലെ തര്‍ക്കങ്ങള്‍ എം പി ബഷീര്‍ തുറന്നു പറയുന്നു

HIGHLIGHTS : കഴിഞ്ഞദിവസം വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങിയ ഇന്ത്യാവിഷന്റെ ആഭ്യന്തരതര്‍ക്കങ്ങളെ കുറിച്ച് പുറത്താക...

thumb (1)കഴിഞ്ഞദിവസം വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങിയ ഇന്ത്യാവിഷന്റെ ആഭ്യന്തരതര്‍ക്കങ്ങളെ കുറിച്ച് പുറത്താക്കപ്പെട്ട ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്റര്‍ എം പി ബഷീര്‍ ഇന്ത്യാവിഷനില്‍ എന്താണ് സംഭവിച്ചതെന്ന് തുറത്തെഴുതുന്നു. ന്യൂസ് മൊമന്റ്‌സ് എന്ന വെബ്‌പോര്‍ട്ടലിലാണ്‌ ഇക്കാര്യങ്ങള്‍ തുറത്തു പറഞ്ഞിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം
ഇന്ത്യാവിഷന്‍ തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തത് 12 കോടി : ബഷീര്‍
ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിലെ ജേര്‍ണലിസ്റ്റുകള്‍ സ്‌ക്രീനില്‍ സമരം പ്രഖ്യാപിച്ചതും, ഒമ്പത് മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം നിര്‍ത്തി വെച്ചതും, സമരപ്രഖ്യാപനം നടത്തിയ അതേ അവതാരകന്‍ തന്നെ പുനരവതാരകനായതും ചാനലിന്റെ പ്രേക്ഷകര്‍ക്കിടയിലും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന്റെ എഡിറ്റോറിയല്‍ തലപ്പത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടയാള്‍ എന്ന നിലയില്‍ എന്റെയൊരു വിശദീകരണം വേണ്ടതാണല്ലോ. ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് മാത്രമല്ല, മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകളില്‍ നേരിട്ട് ഇടപെട്ടിട്ടില്ലാത്ത ജേണലിസ്റ്റുകള്‍ക്കും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍ എനിക്ക് പറയാനുള്ളത് പറയാന്‍ കൂടിയാണ് ഈ കുറിപ്പ്.
ചാനലിന്റെ സ്‌ക്രീന്‍ പത്താം വാര്‍ഷികാഘോഷത്താല്‍ നിറഞ്ഞ, കഴിഞ്ഞ ഓണക്കാലത്താണ് എഡിറ്റോറിയല്‍ ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങളും മാനേജ്‌മെന്റും തമ്മില്‍ ഇപ്പോള്‍ സമരത്തിലേക്ക് നീങ്ങിയ തര്‍ക്കങ്ങളുടെ തുടക്കം. സെപ്റ്റംബര്‍ 18നായിരുന്നു ഇക്കഴിഞ്ഞ വര്‍ഷത്തെ തിരുവോണം. എല്ലാ കൊല്ലവും ഇന്ത്യാവിഷനില്‍ പതിവുള്ളത് പോലെ ഫേസ്ബുക്കിലെ ഇന്ത്യാവിഷന്‍ കൂട്ടായ്മയില്‍ ലോകമെങ്ങും ചിങ്ങം ഒന്ന്, ഇന്ത്യാവിഷനില്‍ കര്‍ക്കടകം 31 എന്ന മട്ടില്‍ തമാശകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. മുന്‍മാസത്തെ ശമ്പളം പോലും ഭൂരിപക്ഷം തൊഴിലാളികള്‍ക്കും നല്‍കിയിരുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ധീന്‍ ഫാറൂഖി ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ചെയ്യാറുള്ളത് പോലെ ഇത്തവണയും ചെന്നൈയില്‍ അഞ്ജാത വാസത്തിലായിരുന്നു. ഇതിനിടയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് അവധിയെടുത്ത പ്രൊഡക്ഷന്‍ വിഭാഗത്തിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കുക കൂടെ ചെയ്തപ്പോളാണ് കാര്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
ന്യൂസ് എഡിറ്റര്‍മാരുടെയും റീജിയണല്‍ എഡിറ്റര്‍മാരുടെയും യോഗം സെപ്റ്റംബര്‍ 30ന് വിളിച്ചു ചേര്‍ത്ത് കൊണ്ടാണ് ആ തീരുമാനമെടുത്തത്.
ഒക്ടോബര്‍ മാസം 11ന് ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന് മുമ്പാകെ ന്യൂസ് ടീം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് തടയാന്‍ ജമാലുദ്ധീന്‍ പരമാവധി ശ്രമിച്ചു. അത് മറികടന്ന് കൊച്ചിയിലെ ഹോട്ടല്‍ മാരിയോസില്‍ നടന്ന മീറ്റിങ്ങില്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഇത്രയും ബോര്‍ഡംഗങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ചാനലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ കാര്യങ്ങള്‍ പോലും ഡയറക്ടര്‍ ബോര്‍ഡിനെ അറിയിക്കുന്നില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ധാര്‍മ്മിക പ്രശ്‌നങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ബോധ്യമാണ് ഡയരക്ടര്‍ ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ബോധ്യമായത്.
തുടര്‍ന്ന് ജമാലുദ്ധീന്‍ ഫാറൂഖി സ്ഥാപനം നടത്തുന്ന രീതിയും ന്യൂസിന് പുറമെയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അദ്ദേഹം ഇടപെട്ട് നടത്തിയ കാര്യങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉള്ള് പൊള്ളയാണെന്ന് മനസ്സിലാക്കിയത്. ഇക്കാര്യങ്ങള്‍ ന്യൂസ് ടീമിലെ മുതിര്‍ന്ന ആളുകള്‍ക്കിടിയില്‍ പലതവണ ചര്‍ച്ച ചെയ്തു. ഞങ്ങള്‍ ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കൂടെക്കൂടെ വെളിവായി വന്നു. മാനേജ്‌മെന്റുമായി ഇക്കാര്യത്തില്‍ നടത്തുന്ന ആശയവിനിമയങ്ങളുടെ രേഖാപരമായ തെളിവുകള്‍ ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നുണ്ട്. 2013 ഒക്ടോബര്‍ 12നാണ് ഇക്കാര്യത്തിലെ ആദ്യമെയില്‍ ഞങ്ങള്‍ മാനേജ്‌മെന്റിന് അയക്കുന്നത്. 2014 മാര്‍ച്ച് 13ന് എന്നെയും ഉണ്ണികൃഷ്ണനെയും മാറ്റിനിര്‍ത്തിയത് അറിയിച്ചു കൊണ്ട് സിഇഒ ഇങ്ങോട്ട് അയച്ചതാണ് അവസാനത്തേത്. ഈ കാലത്തിനിടയില്‍ മുപ്പതിലധികം മെയിലുകള്‍ ഞങ്ങള്‍ അയച്ചു. മാനേജ്‌മെന്റിന് അയച്ചതും അവര്‍ നല്‍കിയ മറുപടികളിലെയും പ്രസക്തമായവ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
വിട്ടൊഴിയാത്ത വിശപ്പ്, അപമാനം
ഇന്ത്യാവിഷന്‍ തുടങ്ങി അഞ്ചു മാസത്തിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങിയിരുന്നു. 2003 ഡിസംബര്‍ മാസത്തിലാണ് ശമ്പളം വൈകാന്‍ തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ന്യൂസ് ചാനലായി ഇന്ത്യാവിഷന്‍ വന്നപ്പോള്‍ പരിഹസിച്ച മാധ്യമ സ്ഥാപനങ്ങളത്രയും പിന്നീട് ന്യൂസ് ചാനലുകള്‍ തുടങ്ങുകയും നേരാംവണ്ണം നടത്തുകയും ചെയ്യുന്നു. ടിവി 9 ഉള്‍പ്പെടെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ വന്ന ചാനലുകള്‍ സഹസ്ര കോടികളുടെ ആസ്തിയുള്ള വലിയ സ്ഥാപനങ്ങളായി മാറി.
റെസിഡന്റ് ഡയറക്ടര്‍ വിളിച്ച ഒരു യോഗത്തില്‍ ഇ സനീഷ് പറഞ്ഞതു പോലെ, ഇവിടെ മാത്രം കാലം തളംകെട്ടി നിന്നു. പട്ടിണിക്കാരായ ജേര്‍ണലിസ്റ്റുകളും തൊഴിലാളികളും മാറി മാറി വന്നു. പട്ടിണി മാത്രം മാറിയില്ല. എല്ലാ ബ്യൂറോകളിലും വാഹനങ്ങള്‍ പാതിവഴിയില്‍ നിന്നു. പൊതുപരിപാടികളില്‍ വെച്ച് ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടു. ഇല്ലായ്മകളുടെ, പരാധീനതകളുടെ പേരില്‍ കളിയാക്കപ്പെട്ടു. വാടകക്കാര്‍ മിക്ക ബ്യൂറോകളേയും പലവട്ടം ഇറക്കിവിട്ടു. ചാനലില്‍ സമരം തുടങ്ങിയെന്ന് പറയുന്ന ദിവസത്തിന് തലേന്ന് ഡല്‍ഹി ബ്യൂറോയിലെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ കുടുംബസമേതം വാടകക്കാര്‍ ഇറക്കി വിട്ടകാര്യം ഇപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ചുമതലുയള്ള ബി ദിലീപ്കുമാര്‍ തന്നെയാണ് എന്നെ വിളിച്ചറിയിച്ചത്.
ഗള്‍ഫില്‍ നിന്നുള്ള പണമെവിടെ?
മലയാളത്തിലെ ചാനലുകള്‍ മിക്കവയും നിലനില്‍ക്കുന്നത് ഗള്‍ഫില്‍ നിന്നുള്ള പരസ്യ വരുമാനം കൊണ്ടാണ്. ചിലര്‍ക്ക് സ്വന്തമായ ഗള്‍ഫ് സ്ട്രീം ഉണ്ട്. അതില്ലാത്തവര്‍ പോലും 50-60 ലക്ഷം രൂപ ഏറ്റവും കുറഞ്ഞത് പ്രതിമാസം ഗള്‍ഫില്‍ നിന്ന് കണ്ടെത്തുന്നു. ഇന്ത്യാവിഷന് ദുബായില്‍ ഒരു ബ്യൂറോയും മാര്‍ക്കറ്റിംഗ് ഓഫീസുമുണ്ട്. ചാനലിന് ലക്ഷോപലക്ഷം പ്രേക്ഷകരുടെ ഗള്‍ഫ് മേഖലയില്‍ നിന്ന് മറ്റു ചാനലുകളില്‍ കാണാത്ത പരസ്യങ്ങള്‍ പോലുമുണ്ട്. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഗള്‍ഫില്‍ നിന്നുള്ള ഒരു പൈസയുടെ പരസ്യവരുമാനം പോലും ഇന്ത്യാവിഷന്‍ ഓഫീസില്‍ രേഖപ്പെടുത്തിയിട്ടില്ല. റസിഡന്റ് ഡയറക്ടറുടെ സ്വന്തക്കാരന്‍ നടത്തുന്ന ഒരു സ്ഥാപനത്തിന് ഫ്രാഞ്ചൈസിയായി ഗള്‍ഫ് ഓപ്പറേഷന്‍ നല്‍കിയിരിക്കുകയാണ്. റസിഡന്റ് ഡയറക്ടറുടെ ഭാര്യയുടെ അച്ഛന്‍ ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്ന് ദുബായ് ബ്യൂറോയിലെ രണ്ട് റിപ്പോര്‍ട്ടര്‍മാരും സിഇഒയും പറയുന്നു. ഫ്രാഞ്ചൈസിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് നിരവധി മെയിലുകള്‍ ന്യൂസ് ടീമിന് പല സമയത്തായി ലഭിച്ചിരുന്നു.
ബില്ലില്ലാത്ത പരസ്യങ്ങള്‍
ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യാവിഷനിലെ 3 പ്രോഗ്രാമുകളും പത്തിലധികം ബുള്ളറ്റിനുകളും. മാര്‍ക്കറ്റിംഗ് ബാക്ക് ഓഫീസിലെ കണക്കനുസരിച്ച് കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ മൂന്നേ മുക്കാല്‍ കോടി രൂപയുടെ പരസ്യം വരും ഇത്. എന്നാല്‍ ഒരു പൈസ പോലും ഓഫീസില്‍ രേഖപ്പെടുത്തുകയോ ബില്ലാക്കുകയോ ചെയ്തിട്ടില്ല. വാര്‍ഷിക ജനറല്‍ ബോഡിക്ക് വന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കിയത് ഈ ഗ്രൂപ്പാണെന്നായിരുന്നു ഇതേകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒന്നോ രണ്ടോ ഗ്രാം തൂക്കമുള്ള 50ല്‍ താഴെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് മൂന്നേ മുക്കാല്‍ കോടി രൂപ വില!കേരളത്തിലെ മറ്റൊരു ജ്വല്ലറി ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഒരു മതപ്രഭാഷണപരിപാടി നിത്യവും രാവിലെ നല്‍കണമെന്ന് റസിഡന്റ് ഡയറക്ടര്‍ ഒരിക്കല്‍ വാക്കാല്‍ നിര്‍ദേശിച്ചു. ചാനലിന്റെ സ്വഭാവം കളയുന്ന ഇത്തരം സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ നല്‍കാനാവില്ലെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമെടുത്തു. എന്നാല്‍ റിവ്യൂവിനു പോലും സമര്‍പ്പിക്കാതെ ഒരു ദിവസം രാവിലെ പരിപാടി സംപ്രേക്ഷണം തുടങ്ങുന്നതാണ് പിന്നെ കണ്ടത്.
എന്നാല്‍ മൂന്നാഴ്ച്ചകൊണ്ട് പരിപാടി പെട്ടെന്ന് നിര്‍ത്തി. കാരണം അന്വേഷിച്ചപ്പോഴാണറിയുന്നത് പുതുതായി വന്ന മാര്‍ക്കറ്റിംഗ് ജിഎം ഈ സ്ലോട്ടിന്റെ ബില്ലിംഗ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ജമാല്‍ പൊടുന്നനെ പ്രോഗ്രാം നിര്‍ത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു ദിവസം 40,000 രൂപ വെച്ച് സ്‌പോൺസര്‍ ഫീ കിട്ടേണ്ട മതപ്രഭാഷണം റസിഡന്റ് ഡയറക്ടര്‍ നേരിട്ടുതന്നെ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. കുറഞ്ഞ റേറ്റില്‍ പരസ്യം നല്‍കുക, ബില്‍ അടിക്കാതെ പരസ്യദാതാക്കളില്‍ നിന്ന് നേരിട്ട് പണം പറ്റുക എന്ന രീതിയാണ് ആവിഷ്‌കരിച്ചത്. കോടിക്കണക്കിന് രൂപ ഇങ്ങനെ കൊള്ളയടിക്കപ്പെട്ടു.
വാടകസിദ്ധാന്തം
കമ്പനിയില്‍ പണമുണ്ടെങ്കിലം ഇല്ലെങ്കിലും, എല്ലാത്തിനും വാടക കൊടുക്കുക എന്ന നയമാണ് ഇന്ത്യാവിഷനെ തകര്‍ത്തുകളഞ്ഞത്. ചാനലിന്റെ തുടക്കത്തില്‍ തന്നെ, പതിറ്റാണ്ടു പഴക്കങ്ങള്‍ ഉപകരണങ്ങള്‍ വാടകക്ക് കൊണ്ടുവന്നു. കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ വാടകയായി കൊടുത്തു തീര്‍ന്നു. കുടിശ്ശിക പെരുകിയപ്പോള്‍ ലീസിംഗ് കമ്പനി ഉപകരണങ്ങള്‍ പെറുക്കിപോയി. ടെക്ക്‌നിക്കല്‍ വിഭാഗത്തിലെ ചിലരുമായി ചേര്‍ന്നുള്ള റസിഡന്റ് ഡയറക്ടറുടെ രഹസ്യ ഇടപാടുകളാണ് ഈ വാടക സിദ്ധാന്തത്തിന്റെ പ്രയോഗത്തിലൂടെ നടപ്പാക്കപ്പെട്ടത്. സ്വന്തമായി വാങ്ങാന്‍ ആവുന്നതിനേക്കാള്‍ പത്തിരട്ടി വാടക നല്‍കപ്പെട്ട ഞങ്ങളുടെ ജനറേറ്റര്‍ വാഹനം ഇതിനുള്ള നിത്യസ്മാരകമായി ഇപ്പോഴും ടുട്ടൂസ് ടവറിനു താഴെയുണ്ട്.
തട്ടിയെടുക്കപ്പെട്ട ആനുകൂല്യങ്ങള്‍
കമ്പനിയിലെ തൊഴിലാളികളില്‍ ഒരു വിഭാഗത്തിന്റെ മാത്രമേ പി.എഫ് ചേര്‍ത്തിട്ടുള്ളൂ. പി.എഫിനു ചേര്‍ക്കപ്പെട്ടവരില്‍ നിന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി പിരിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് എത്തിയിട്ടില്ല. ഉയര്‍ന്ന ശമ്പളമുള്ള ജീവനക്കാരില്‍ നിന്നും മറ്റ് ഇടപാടുകാരില്‍ നിന്നും പിരിച്ചെടുത്ത ആദായ നികുതിയും മൂന്ന് വര്‍ഷമായി അടക്കുന്നില്ല. ഇങ്ങനെ സര്‍ക്കാരിലേക്ക് നല്‍കേണ്ട സ്റ്റാറ്റിയൂട്ടറി ലയബിലിറ്റി പെരുകിപ്പെരുകി ഇപ്പോള്‍ 20കോടിക്ക് മീതെയായി. മറ്റു കടങ്ങള്‍ കൂടി ചേര്‍ത്താല്‍ 30 കോടി രൂപയുടെ ബാധ്യതയാണ് ഇന്ത്യാവിഷന്‍ നടത്തിപ്പില്‍ വരുത്തിവെച്ചത്.
പി.എഫ്, ടി.ഡി.എസ് ഇനത്തില്‍ പിരിച്ചെടുത്ത 12 കോടി രൂപ എങ്ങോട്ടുപോയി എന്ന കാര്യത്തില്‍ റസിഡന്റ് എഡിറ്റര്‍ക്ക് ഒരു മറുപടിയുമില്ല. ഇ.എസ്.ഐ വിഹിതം നല്‍കുന്നുണ്ടെങ്കിലും കമ്പനി തുക അടക്കാത്തതിനാല്‍ ഒട്ടേറെ തൊഴിലാളികള്‍ക്കും ബന്ധുക്കള്‍ക്കും ചികിത്സ നിഷേധിക്കപ്പെട്ടു. ആദായ നികുതി വകുപ്പില്‍ നിന്ന് കിട്ടേണ്ട ഫോം 16 കിട്ടാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ബാങ്കുകളില്‍ നിന്ന് ലോണെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥ വന്നു. കള്ളക്കണക്കുകളും വ്യാജരേഖകളും നിര്‍ണായക വിഷയങ്ങളില്‍ പോലും ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് ജമാലുദ്ധീന്‍ പ്രവര്‍ത്തിച്ചത്. അതിനുവേണ്ടി വ്യാജരേഖകളും കള്ളക്കണക്കുകളുമുണ്ടാക്കി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് 12 കോടി രൂപയുടെ ലോൺ വാങ്ങാനായി സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ഒരു ഉദാഹരണം മാത്രം. ബാങ്കില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം കമ്പനി 2011-12ല്‍ 3,40,32,169 (മൂന്നുകോടി നാല്‍പ്പത് ലക്ഷം) രൂപയും തൊട്ടുമുമ്പത്തെ വര്‍ഷം 3,13,69,230 (മൂന്ന് കോടി പതിമൂന്ന് ലക്ഷം) രൂപയും ലാഭമുണ്ടാക്കിയിട്ടുണ്ട്.
ബംഗളൂരൂവിലെ ഹൊറമാവ് റോഡില്‍ ഹൊറമാവ് സബ്ഡിവിഷനിലുള്ള 5.22 ഏക്കര്‍ ഭൂമിയാണ് ലോണിന് കൊളാറ്ററല്‍ സെക്യൂരിറ്റി ആയി നല്‍കിയത്. ബാങ്കിന്റെ പരിശോധനയില്‍ ഈ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോൺ അപേക്ഷ തള്ളി. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ റസിഡന്റ് ഡയറക്ടര്‍ നടത്തിയ ഇത്തരം ഇടപാടുകള്‍ നിരവധിയാണ്. കഴിഞ്ഞ 11 വര്‍ഷമായി കേരളത്തില്‍ ഭരണതലത്തിലും രാഷ്ട്രീയത്തിലുമുള്ള പുഴുക്കുത്തുകള്‍ തുറന്നുകാട്ടിയ ഒരു വാര്‍ത്താസംഘം എന്ന നിലയില്‍ ഒരു ഞെട്ടലോടെയാണ് ഞങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയത്. ദൈനംദിന നടത്തിപ്പിന് അപ്പുറത്തേക്കുള്ള കാര്യങ്ങളില്‍ അതുവരെ ന്യൂസ് ടീം ഇടപെട്ടിരുന്നില്ല.കൊള്ള നടത്തിയത് വാര്‍ത്താസംഘമുണ്ടാക്കിയ വിശ്വാസ്യതയുടെ മറവില്‍ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിലേക്ക് വന്നു ചേരുന്ന യുവ പത്രപ്രവര്‍ത്തകര്‍ക്ക് എംവി നികേഷ്‌കുമാറും ഞാനുമടക്കമുള്ള മുതിര്‍ന്നവരില്‍ നിന്ന് ആദ്യം ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായത് ഒരു തരത്തിലുള്ള അവിഹിതാനുകൂല്യവും ആരില്‍ നിന്നും സ്വീകരിക്കരുത് എന്നതായിരുന്നു. അത് ഞങ്ങളുടെ ടീമംഗങ്ങള്‍ അങ്ങേയറ്റം കണിശമായി പാലിച്ചിട്ടുമുണ്ട്.
എത്രയോ കാലമായി സാമ്പത്തിക ദുരിതത്താല്‍ വലയുമ്പോഴും അക്കാര്യത്തില്‍ ജേണലിസ്റ്റുകള്‍ ഒരു ചീത്തപ്പേരുമുണ്ടാക്കിയിട്ടില്ല എന്നത് ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഒരു വ്യവസായപ്രമുഖന്‍ വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് നിരസിച്ച സിത്താര ശ്രീലയം എന്ന കൊല്ലം റിപ്പോര്‍ട്ടര്‍, ഓഫീസിലേക്ക് കയറിവന്ന് കാര്യങ്ങള്‍ സംസാരിച്ച് പിരിയുമ്പോള്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ പ്രതിനിധി ഗിഫ്റ്റ് എന്ന് പറഞ്ഞ് മുന്നിലേക്ക് വെച്ച സ്വര്‍ണകോയിന്‍ തിരിച്ചെടുത്ത് ഇറങ്ങിപ്പോകാന്‍ പറഞ്ഞ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എം എം രാഗേഷ്. ഇവരൊക്കെ ഉള്ളതായിരുന്നു ഞങ്ങളുടെ ടീം. അത് കൊണ്ട് അഹങ്കരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇങ്ങനെയുള്ള ഒരു വാര്‍ത്താ സംഘം വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ മറവിലാണ് ജമാലുദ്ധീന്‍ ഫാറൂഖി തീവെട്ടിക്കൊള്ള നടത്തുന്നത് എന്നതായിരുന്നു തിരുത്തല്‍ നടപടികള്‍ ശക്തമായി തന്നെ വേണം എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ഇത് ഒന്നോ രണ്ടോ ആളുകളുടെ തീരുമാനമായിരുന്നില്ല, ന്യൂസ് ടീം ഒന്നിച്ചെടുത്ത നിലപാടായിരുന്നു.
സാങ്കേതിക സംവിധാനങ്ങളും സര്‍വ്വീസ് ആനുകൂല്യങ്ങളും ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ലഭ്യമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ ‘മാനേജ്‌മെന്റ് കാര്യങ്ങള്‍’ അറിയുക പോലുമുണ്ടാകില്ല. ചാനല്‍ പൂര്‍ണ്ണമായ തകര്‍ച്ചയെ നേരിട്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. റസിഡന്റ് ഡയറക്ടറുടെ വഴിവിട്ട ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടതിനു ശേഷം പലതവണ എഡിറ്റോറിയല്‍ മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. മുതിര്‍ന്ന തലത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവൂ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഡോ: മുനീറിനെ കണ്ട് കാര്യങ്ങള്‍ പറയാനാണ് ആദ്യം ശ്രമിച്ചത്. പലവിധത്തില്‍ ജമാല്‍ അത് തടസ്സപ്പെടുത്തി. മൂന്നുതവണയെങ്കിലും ഡയറക്ടര്‍ ബോര്‍ഡിനും മുമ്പാകെ ഈ കാര്യങ്ങള്‍ ഉന്നയിച്ചു. ഡോക്ടര്‍ മുനീറിന്റെ തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വീട്ടില്‍ചെന്ന് കണ്ട് 10ലധികം തവണയെങ്കിലും ഇക്കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു. നാലുതവണ ഞങ്ങള്‍ സംഘങ്ങളായാണ് പോയത്. മുതിര്‍ന്ന സഹപ്രവര്‍ത്തകരായ എ. സഹദേവന്‍, വി ഉണ്ണികൃഷ്ണന്‍, ബി. ദിലീപ് കുമാര്‍,എന്‍.കെ ഭൂപേഷ്, വീണാ ജോര്‍ജ്, ഇ. സനീഷ്, സി.എന്‍ പ്രകാശ്, കെ. സജീഷ്, അഭിലാഷ് മോഹന്‍, മനു ഭരത് എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിയാം.വാര്‍ത്താവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ജമാലുദ്ദീന്‍ ഫാറൂഖിയെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ന്യൂസില്‍ നിന്ന് രണ്ടുപേരും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മൂന്നുപേരും മാര്‍ക്കറ്റിംഗ് ഹെഡും ഉള്‍പ്പെട്ട ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ഇന്ത്യാവിഷന്‍ പിടിച്ചെടുക്കുന്നു എന്ന ഭീതി സൃഷ്ടിച്ച് ജമാല്‍ അത് തകര്‍ത്തു. തുടര്‍ന്ന് സി.ഇ.ഒയെ നിയമിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. ന്യൂസ് ഹെഡ് എന്ന നിലയില്‍ എന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസറായി ജമാലിനെ അംഗീകരിക്കാനാവില്ലെന്ന് രേഖാമൂലം ഞാന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആ ചുമതല സി.ഇ.ഒക്ക്‌ നല്‍കി. നയപരമായ കാര്യങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡിനുമാത്രമേ റിപ്പോര്‍ട്ട് ചെയ്യൂ എന്ന കരാറുണ്ടാക്കി.
സി.ഇ.ഒയുടെ നേതൃത്വത്തില്‍ കമ്പനിയുടെ അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപരേഖ തയ്യാറാക്കി. ഒരു വര്‍ഷം കൊണ്ട് കുരുക്കഴിക്കാനുള്ള പദ്ധതിയുണ്ടാക്കി. ഗള്‍ഫില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും മ്യൂസിക് ചാനലായ യെസില്‍ നിന്നും വരുമാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഈ നീക്കങ്ങളേയും ജമാലൂദ്ദീന്‍ ഫാറൂഖി അട്ടിമറിക്കാന്‍ നീക്കം നടത്തിയപ്പോഴാണ് ജമാലിനെ റസിഡന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇതിനിടയില്‍ തൊഴിലാളികളുടെ പിഎഫ് തുക അടക്കാത്തതിനാല്‍ , അത് സംബന്ധിച്ച അധികൃതരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ കമ്പനിയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും ഫ്രീസ് ചെയ്യപ്പെട്ടിരുന്നു. മുതലാളിയെ മാറ്റണമെന്ന് പറയാന്‍ തൊഴിലാളികള്‍ക്ക് എന്തവകാശം എന്ന മറുവാദമുന്നയിച്ച് കാര്യത്തിന്റെ ഗൗരവമറിയാത്ത മറ്റു തൊഴിലാളികളെ ഉപയോഗിച്ച് അദ്ദേഹം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ഡയറക്ടര്‍ ബോര്‍ഡിനു മുമ്പാകെ ഞങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ അംഗീകരിക്കപ്പെട്ടു. ജമാലിന്റെ മൂന്നു വര്‍ഷത്തെ ചാനല്‍ നടത്തിപ്പ് അന്വേഷിക്കാന്‍ തീരുമാനിച്ചു. മുന്‍ ഗവൺമെന്റ് ഓഡിറ്റര്‍ ജോൺ.ടി.ജോൺ, ഇന്ത്യാവിഷന്‍ ഓഡിറ്റര്‍ മോഹന്‍കുമാര്‍, ഡയറക്ടര്‍ ബോര്‍ഡംഗം കെ. ഈശ്വരന്‍, സി.ഇ.ഒ എ.പി. നവീനന്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി.
ഞങ്ങളുന്നയിച്ച മറ്റു പ്രശ്‌നങ്ങളും അംഗീകരിക്കപ്പെട്ടു. ശമ്പള പരിഷ്‌ക്കരണവും പ്രൊമോഷനും അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉറപ്പ് ഇ-മെയില്‍ വഴി ലഭിച്ചതിനുശേഷം ഈ മാസം 12ന് വൈകീട്ട് 5 മണിക്ക് തുടങ്ങുമെന്ന് നിശ്ചയിച്ച സമരം ഞങ്ങള്‍ ഉപേക്ഷിച്ചു. ഇലക്ഷന്‍ കവറേജിലേക്ക് തിരിയണമെന്ന് കാണിച്ച് ഞാന്‍ റീജിയണല്‍ എഡിറ്റര്‍മാര്‍ക്ക് ഇ-മെയിലച്ചു. മാനേജ്‌മെന്റ് തീരുമാനമറിയിച്ചു കൊണ്ടുള്ള ഇമെയിലും ഞാന്‍ അവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തു. പിറ്റേന്ന് രാവിലെ അതായത് മാര്‍ച്ച് 13ന് എന്നെ വിളിക്കാനുള്ള വാഹനം ഓഫീസില്‍ നിന്നു പുറപ്പെട്ട ശേഷമാണ് എക്‌സിക്യുട്ടീവ് എഡിറ്ററായ എന്നേയും കോര്‍ഡിനേറ്റ് എഡിറ്ററായ വി. ഉണ്ണികൃഷ്ണനേയും ചുമതലകളില്‍ നിന്ന് നീക്കാനുള്ള തീരുമാനം സി.ഇ.ഒ വിളിച്ചറിയിച്ചത്. പുറപ്പെട്ട വാഹനം തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് ഞാന്‍ ഓട്ടോറിക്ഷയില്‍ ഓഫീസിലെത്തി.
ഓട്ടോയിലിരുന്ന് കേരളത്തിലെ തലമുതിര്‍ന്ന രണ്ട് മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ ഉപദേശം തേടി. മാനേജ്‌മെന്റ് എഡിറ്ററില്‍ അതൃപ്തി അറിയിച്ച സ്ഥിതിക്ക് തുടരുന്നത് ശരിയല്ലെന്ന് അവര്‍ ഇരുവരും പറഞ്ഞു. ഓഫീസിലെത്തി മിനിട്ടിനകം എച്ച്.ആര്‍ മാനേജര്‍ മാനേജ്‌മെന്റ് തീരുമാനം രേഖാമൂലം അറിയിച്ചു. ഒപ്പിട്ടു വാങ്ങുന്നതിന് പകരം ഇ-മെയില്‍ അയക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു. എഡിറ്റോറിയല്‍ മീറ്റിംഗ് വിളിക്കാനും സ്റ്റാഫിനോട് യാത്ര പറയാനും സാവകാശം വേണം എന്നും മാത്രമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ. മുക്കാല്‍ മണിക്കൂറിനകം ഞാനും ഉണ്ണികൃഷ്ണനും സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് ഇറങ്ങി. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യാവിഷന്‍ എന്ന സ്വപ്നം അവിടെ അവസാനിച്ചു. സാങ്കേതികമായും ജേര്‍ണലിസ്റ്റിക് ധാര്‍മ്മികതയിലും രാജ്യാന്തര നിലവാരമുള്ള ഒരു മലയാള മാധ്യമം ആയിരുന്നു ഞങ്ങളുടെ സ്വപ്നം. അത് പാതിവഴിയില്‍ മുറിഞ്ഞു.
12ന് വൈകുന്നേരം എല്ലാ പ്രശ്‌നങ്ങളിലും തൊഴിലാളികള്‍ക്കും വിഭാഗത്തിനും അനുകൂലമായി തീരുമാനമുണ്ടായ ശേഷം ഒരു രാത്രി കൊണ്ട് ഞങ്ങളുടെ വാര്‍ത്താ സംഘത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ഇനി രണ്ട് പേര്‍ വിശദീകരിക്കേണ്ടതുണ്ട്. ഒരാളുടെ പേര് പറയാന്‍ എനിക്ക് അറപ്പുണ്ട്. പക്ഷെ ദിലീപ്കുമാര്‍ എന്റെ എക്കാലത്തേയും നല്ല സഹപ്രവര്‍ത്തകരില്‍ ഒരാള്‍, ഇനി പറയട്ടെ.
കടപ്പാട്: ന്യൂസ് മൊമെന്റ്‌സ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!