ഇന്ത്യാവിഷന്‍ ചാനല്‍ താല്‍കാലികമായി സംപ്രേഷണം നിര്‍ത്തി

download (1)കൊച്ചി : ഇന്ത്യാവിഷന്‍ മാനേജ്‌മെന്റിലെ ചില അംഗങ്ങളുടെ നിയമലംഘനവും ദുഷ്പ്രവണതകളും നിരവധി തവണ ചൂണ്ടികാട്ടിയിട്ടും പരിഹരിക്കാന്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യാവിഷന്‍ വാര്‍ത്താവിഭാഗം ഇന്നുമുതല്‍ ജോലിയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നു. വ്യാഴാഴ്ച പകല്‍ 11 മണിയോടെയാണ് സംപ്രേഷണം നിര്‍ത്തിയത്. സംപ്രേഷണം നിര്‍ത്തുന്നകാര്യം ഓണ്‍എയറില്‍ അറിയിച്ച ശേഷമാണ് ചാനല്‍ നിര്‍ത്തിയത്. ചാനലിന്റെ റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അനേ്വഷിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അനേ്വഷിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ഇത് പ്രതിഷേധിച്ച ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും എക്‌സ്യക്യൂട്ടീവ് എഡിറ്ററുമായ എംപി ബഷീറിനെയും കോ ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ ഉണ്ണിക്കൃഷ്ണനെയും പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തിയത്.

സാമ്പത്തിക പ്രതിസന്ധിമൂലം വിഷമസ്ഥിതിയിലായിരുന്ന ചാനലിനെ കൂടുതല്‍ പ്രതിയിലാക്കിയിരിക്കുകയാണ് ഈ സംഭവം. മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വാര്‍ത്തയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന ചാനലായിരുന്നു ഇന്ത്യാവിഷന്‍.