ഇന്ത്യന്‍ നയതന്ത്രജ്ഞയുടെ അറസ്റ്റ്; അമേരിക്ക ഖേദം പ്രകടിപ്പിച്ചു

download (3)ദില്ലി : ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ നടപടി ക്രമങ്ങളില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചത്.

ദേവയാനിയെ അപമാനിച്ച സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും മയക്കുമരുന്നു പ്രതികള്‍ക്കൊപ്പം താമസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അമേരിക്ക മാപ്പു പറയണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ജോണ്‍ കെറി ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം നഷ്ടപ്പെടുത്താന്‍ അമേരിക്ക അനുവദിക്കില്ലെന്ന് കെറി പറഞ്ഞു.

അതേ സമയം ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരം നല്‍കിയതിനും അമേരിക്കന്‍ നിയമമനുസരിച്ചുള്ള ശമ്പളം നല്‍കാത്തതിനുമാണ് ദേവയാനിയെ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്ന് അമേരിക്കന്‍ അറ്റോര്‍ണി അറിയിച്ചു. കഴിഞ്ഞ ദിവസം ദേവയാനിയെ ന്യൂയോര്‍ക്കിലെ യുഎന്‍ ന്റെ സ്ഥിരം ഓഫീസിലേക്ക് മാറ്റി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിരുന്നു. അവര്‍ക്ക് പൂര്‍ണ്ണ പരിരക്ഷ നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.