ഖത്തറും ഇന്ത്യയും തമ്മില്‍ ശക്തമായ ബന്ധം; ഇന്ത്യന്‍ അംബാസിഡര്‍ സഞ്‌ജീവ്‌ അറോറ

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പുതിയ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനുള്ള തിയ്യതി തീരുമാനിച്ചിട്ടില്ല. ഖത്തര്‍ ഭരണാധികാരികളുടേയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും സൗകര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തിയ്യതികള്‍ ഒത്തുവരാത്തതാണ് സന്ദര്‍ശനം നീളുന്നത്. കഴിഞ്ഞ മാസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഖത്തര്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനിയും പ്രധാനമന്ത്രിയെ ഖത്തറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഖത്തറിലേയും ഇന്ത്യയിലേയും ഔദ്യോഗിക വകുപ്പുകള്‍ ഇരു രാജ്യങ്ങളുടേയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എംബസി മികച്ച രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അംബാസഡര്‍ പറഞ്ഞു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ എംബസി ജീവനക്കാര്‍ പ്രവര്‍ത്തന സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി ചെയ്ത് ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധരാവാറുണ്ടെന്നും അക്കാര്യത്തില്‍ അവര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.

എംബസിയില്‍ പരാതിയുമായി എത്തുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ കഴിവിന്റെ പരമാവധി എംബസി അധികൃതര്‍ ഇടപെടുന്നുണ്ട്. പലപ്പോഴും അവര്‍ക്കുവേണ്ട ഭക്ഷണവും മറ്റ് സൗകര്യങ്ങളും എംബസി ഏര്‍പ്പെടുത്താറുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹികളായ ജിബി മാത്യു, ഒ പി ഷാനവാസ്, ഐ എം എ റഫീക്ക്, കെ മുജീബുര്‍റഹ്മാന്‍, സാദിഖ് ചെന്നാടന്‍ എന്നിവര്‍ പങ്കെടുത്തു.