Section

malabari-logo-mobile

കേരളത്തില്‍ സ്‌ത്രീശാക്തീകരണത്തിന്‌ തുടക്കമിട്ടത്‌ ‘ഇന്ദുലേഖ’ – മുഖ്യമന്ത്രി

HIGHLIGHTS : പരപ്പനങ്ങാടി: മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ 'ഇന്ദുലേഖ'യാണ്‌ കേരളത്തില്‍ സ്‌ത്രീശാക്തീകരണത്തിന്‌ തുടക്കമിട്ട സാഹിത്യ സൃഷ്‌ടിയെന്നും സ്‌ത്രീകള്‍...

Untitled-1 copyപരപ്പനങ്ങാടി: മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ‘ഇന്ദുലേഖ’യാണ്‌ കേരളത്തില്‍ സ്‌ത്രീശാക്തീകരണത്തിന്‌ തുടക്കമിട്ട സാഹിത്യ സൃഷ്‌ടിയെന്നും സ്‌ത്രീകള്‍ വിദ്യാഭ്യാസം നേടുകയും മുന്നേറുകയും ചെയ്യണമെന്ന സന്ദേശത്തിലൂടെ വലിയ സാമൂഹിക വിപ്ലവമാണ്‌ രചയിതാവായ ഒ. ചന്തുമേനോന്‍ വരുത്തിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും പരപ്പനങ്ങാടി കോപ്പറേറ്റീവ്‌ കോളെജിന്റെയും ആഭിമുഖ്യത്തില്‍ കോപ്പറേറ്റീവ്‌ കോളെജില്‍ സംഘടിപ്പിച്ച ‘ഇന്ദുലേഖ’ രചനയുടെ 125-ാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തില്‍ മാറ്റമുണ്ടാക്കുകയാണ്‌ സാഹിത്യ രചനകളുടെ ധര്‍മം. വ്യവസ്ഥിതികളെ വെല്ലുവിളിച്ച്‌ സമൂഹ പുനഃസൃഷ്‌ടി നടത്തുകയും മാറ്റത്തിന്‌ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ്‌ രചനകള്‍ അര്‍ഥവത്താകുന്നത്‌. ഇക്കാര്യത്തില്‍ കേരളത്തിലെ സാഹിത്യ മേഖലയില്‍ വലിയ സംഭാവന നല്‍കിയ നോവലാണ്‌ ഇന്ദുലേഖ. ഒന്നേകാല്‍ നൂറ്റാണ്ട്‌ മുമ്പുള്ള സമകാലിക ജീവിത വ്യവസ്ഥിതികളെ വെല്ലുവിളിച്ചു കൊണ്ടാണ്‌ പരപ്പനങ്ങാടിയില്‍ മജിസ്‌ട്രേറ്റായിരുന്ന ഒ. ചന്തുമേനോന്‍ ‘ഇന്ദുലേഖ’ യുടെ രചന പൂര്‍ത്തിയാക്കിയത്‌. സ്വന്തം സമുദായത്തിലും മറ്റു സമുദായങ്ങളിലുമുള്ള ജീര്‍ണതകളെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. നമുക്ക്‌ ഊഹിക്കാന്‍ പോലു കഴിയാത്തത്ര മോശമായിരുന്നു 125 കൊല്ലം മുമ്പുള്ള സാമൂഹിക വ്യവസ്ഥ. കേരളം ഭ്രാന്താലയമാണെന്നു വരെ പറഞ്ഞവരുണ്ടായിരുന്നു. അന്ന്‌ വലിയ സാമൂഹിക വിപ്ലവം സാധ്യമാക്കിയ പരിഷ്‌കര്‍ത്താക്കള്‍ക്ക്‌ അതിനുള്ള അവസരമൊരുക്കിയത്‌ ചന്തുമേനോനെ പോലുള്ള എഴുത്തുകാരും സാഹിത്യകാരന്മാരുമായിരുന്നുവെന്ന്‌ മുഖ്യമന്തി പറഞ്ഞു.

sameeksha-malabarinews

ഒരാഴ്‌ച നീണ്ട്‌ നിന്ന ‘ഇന്ദുലേഖ’യുടെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച്‌ നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ്‌ ദാനവും പരപ്പനങ്ങാടി കോപ്പറേറ്റീവ്‌ കോളെജിന്‌ നിര്‍മിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അധ്യക്ഷനായി. കാലത്തെയും ദേശത്തെയും അതിജീവിക്കുന്ന കാഴ്‌ചപ്പാടാണ്‌ ഇന്ദുലേഖയിലൂടെ ഒ. ചന്തുമേനോന്‍ അവതരിപ്പിച്ചതെന്ന്‌ മുഖ്യാതിഥിയായ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. ദീര്‍ഘദൃഷ്‌ടിയുള്ള നോവല്‍ രചയിതാവിന്റെ ഭാവനകള്‍ കാലത്തെ അതിജീവിക്കുകയും അടുക്കളകളില്‍ തളച്ചിടപ്പെട്ടിരുന്ന സ്‌ത്രീസമൂഹത്തിന്റെ മുന്നേറ്റത്തിന്‌ കാരണമാകുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു.

എം.പി അബ്‌ദുസ്സമദ്‌ സമദാനി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി വൈസ്‌ ചെയര്‍മാന്‍ അക്‌ബര്‍ കക്കട്ടില്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍, പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു, കോപ്പറേറ്റീവ്‌ കോളെജ്‌ ഭരണസമിതി പ്രസിഡന്റ്‌ കെ.കെ. സൈതലവി, സെക്രട്ടറി സി. അബ്‌ദുറഹ്‌മാന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!