പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച കുരുന്നുകള്‍ക്ക്  ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനസന്ദേശം ആരംഭിച്ചത് പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച ഏഴുപതില്‍പരം കുരുന്നുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്. ഗോരഖ്പൂറില്‍ പിടഞ്ഞുമരിച്ച പിഞ്ചുകുട്ടികള്‍ എല്ലാവരുടേയും മനസില്‍ സങ്കടം പടര്‍ത്തുന്നുണ്ട്. ഇത്തരമൊരു സംഭവം ഏതു പൗരനെയും സങ്കടപ്പെടുത്തും. നഷ്ടം നഷ്ടം തന്നെയാണ്. ഒരുവിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നഷ്ടമാണിത്. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടാകട് ടെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്‌നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന് ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയപതാകയുയര്‍ത്തിയശേഷം സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദേശീയതയെന്നാല്‍ അന്യമത വിദ്വേഷമോ, അപര വിദ്വേഷമോ, അന്യരാജ്യശത്രുതയോ അല്ല. ലോകമാനവികതയിലൂന്നിയ ബഹുസ്വര സമൂഹമായി നമ്മുടേത് തുടരണം. സങ്കുചിത മതദേശീയതയുടേയുടെയും മതവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോകാന്‍ പാടില്ല. ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ, ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യത്തിലേക്ക് നയിക്കില്ല. ഭിന്നിപ്പിക്കാനോ അതു വഴിവെക്കൂ.

ആത്മീയതയുടെയല്ല, മാനവികതയുടെ അഭയസ്ഥാനമാണ് ദേശാഭിമാനം എന്നാണ് മഹാകവി ടാഗോര്‍ പറഞ്ഞിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിലൂടെ ഉയര്‍ന്ന വലിയ രാഷ്ട്രനേതാക്കള്‍ നമ്മുടെ സമൂഹത്തെ നയിച്ചതിനാലാണ് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി ലഭിച്ചത്.
എന്നാല്‍, കുറച്ചുനാളായി ചില വിഭാഗങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന് ഉപരാഷ്ട്രപതിയായിരുന്ന  ഹാമിദ് അന്‍സാരിക്കു പോലും പരാമര്‍ശിക്കേണ്ടിവന്നു.

നവ ഉദാരീകരണത്തിന്റെയും കോര്‍പറേറ്റുവത്കരണത്തിന്റെയും പ്രതികൂല പശ്ചാത്തലത്തില്‍ ഇനിയും എങ്ങനെയാണ് മുന്നേറാനാവുക എന്ന് പരിശോധിക്കപ്പെടണം. ഭരണനിര്‍വഹണ മേഖലകളില്‍ വ്യാപകമാവുന്ന അഴിമതി പുരോഗതി പിന്നോട്ടുവലിക്കും. രാഷ്ട്രീയതലത്തിലായാലും ഉദ്യോഗസ്ഥതലത്തിലായാലും അഴിമതിയെ ശക്തമായി ചെറുക്കാന്‍ നമുക്കാവണം. സാമൂഹികരംഗങ്ങളിലെ ജീര്‍ണതകളില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തെ മോചിപ്പിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണസംവിധാനത്തെ ഊര്‍ജസ്വലമാക്കി അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ബജറ്റിന് പുറത്തും ധനസമാഹരണം നടത്തി വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് കിഫ്ബി. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച കേരള വികസന മാതൃക മുന്നോട്ടുകൊണ്ടുപോകാനാണ് ദീര്‍ഘവീക്ഷണത്തോടെ നാലുമിഷനുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി എന്നീ മേഖലകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കാകെ ആശ്വാസമേകാന്‍ സര്‍ക്കാരിനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനസന്ദേശം നല്‍കിയശേഷം, സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ‘മാലിന്യത്തില്‍ നിന്ന് സ്വതന്ത്ര്യം’ പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രതിജ്ഞ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു.