സാതന്ത്ര്യ ദിനത്തില്‍ ഹരിത പ്രോട്ടോകോള്‍ : പ്ലാസ്റ്റിക്‌ പൂര്‍ണമായും നിരോധിക്കും

Untitled-1 copyമലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ഓഗസറ്റ്‌ 15ന്‌ എം.എസ്‌.പി പരേഡ്‌ മൈതാനത്ത്‌ നടക്കുന്ന പരിപാടിയില്‍ പ്ലാസ്റ്റിക്‌ പൂര്‍ണമായും നിരോധിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാന്‍ ജില്ലാ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. വിശിഷ്‌ഠാതിഥികള്‍ക്ക്‌ നല്‍കുന്ന ബൊക്കയില്‍ മുതല്‍ ഫാന്‍സി പ്ലാസ്റ്റിക്‌ ഫ്‌ളാഗുകളില്‍ വരെ പ്ലാസ്റ്റിക്ക്‌ അനുവദിക്കില്ല. കുടിക്കാനുള്ള വെള്ളം സ്റ്റീല്‍ ഗ്ലാസുകളില്‍ വിതരണം ചെയ്യും. ശുദ്ധമായ വെള്ളമാണ്‌ നല്‍കുന്നതെന്ന്‌ ഉറപ്പാക്കും. മറ്റ്‌ ശുചിത്വ നിബന്ധനകള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്‌ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.
രാവിലെ 8.30ന്‌ തുടങ്ങുന്ന പരേഡില്‍ പൊലീസ്‌, എം.എസ്‌.പി, വനം, എക്‌സൈസ്‌, വനിതാ പൊലീസ്‌, വിവിധ കോളെജുകളിലേയും സീനിയര്‍ – ജൂനിയര്‍ എന്‍.സി.#ി, ജൂനിയര്‍ റെഡ്‌ ക്രോസ്‌, സ്റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റ്‌സ്‌ ആന്‍ഡ്‌, ഗൈഡ്‌സ്‌ എന്നിവര്‍ പങ്കെടുക്കും.
ഓഗസ്റ്റ്‌ 11,12,13 തിയതികളില്‍ നടക്കുന്ന റിഹേഴ്‌സലില്‍ പങ്കെടുക്കാത്തവരെ യാതൊരു കാരണവശാലും പരേഡില്‍ പങ്കെടുപ്പിക്കേണ്ടെന്ന്‌ യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളെ റിഹേഴ്‌സലിനും പരേഡിനുമെത്തിക്കുന്ന ചുമതല അതത്‌ സ്‌കൂള്‍ അധികൃതര്‍ക്കാണ്‌. സ്‌കൂള്‍ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കണം. ആരോഗ്യം – ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ വകുപ്പുകളുടെ സേവനവും മൈതാനത്തുണ്ടാവും.
ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ പെരിന്തല്‍മണ്ണ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌, എ.ഡി.എം. പി. സയ്‌ദ്‌ അലി ഉദ്യോഗസ്ഥര്‍, കോളെജ്‌ – സ്‌കൂള്‍ പ്രതിനിധികള്‍ പങ്കെടുത്തു.