Section

malabari-logo-mobile

ഇനി ദോഹയില്‍ സ്വസ്ഥമായി സൈക്കളോടിക്കാം

HIGHLIGHTS : ദോഹ: ആസ്‌പെയര്‍ പാര്‍ക്കില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കില്‍ ചവിട്ടാന്‍ ട്രാക്കൊരുങ്ങുന്നു.

dohaദോഹ: ആസ്‌പെയര്‍ പാര്‍ക്കില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കില്‍ ചവിട്ടാന്‍ ട്രാക്കൊരുങ്ങുന്നു. ആസ്‌പെയറില്‍ പുതുതായി ആരംഭിക്കുന്ന സൈക്കിള്‍ വാടകയ്ക്ക് ലഭിക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് സൈക്കിള്‍ ട്രാക്കും ഒരുങ്ങുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം സൈക്കിളും ഹെല്‍മെറ്റും വാടകയ്ക്ക് ലഭിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് നാല് മുതല്‍ എട്ടു വരേയും വാരാന്ത്യങ്ങളില്‍ ഉച്ച മുതല്‍ രാത്രി എട്ട് വരെയുമാണ് വാടക സമയം. ഒക്ടോബര്‍ 11-ാം തിയ്യതി വരെ സൈക്കിളും ഹെല്‍മെറ്റുമെല്ലാം സൗജന്യമാണ്. അതിനു ശേഷമാണ് ആദ്യ മണിക്കൂറിന് 20 റിയാലും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ച് റിയാല്‍ വീതവും വാടക നല്‌കേണ്ടത്. ഖത്തരി സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ആസ്‌പെയറിലെ വാടക സൈക്കിളും സൈക്കിള്‍ ട്രാക്കും.
തണുപ്പു കാലത്തിന്റെ ആരംഭവും റോഡിലെ കടുത്ത ഗതാഗതക്കുരുക്കുകളും പരിഗണിച്ച് നിരവധി പേര്‍ സൈക്കിള്‍ യാത്രക്ക് തയ്യാറെടുക്കുന്നുണ്ട്. 2006ല്‍ സ്ഥാപിതമായ ഖത്തര്‍ ചെയിന്‍ റിയാക്ഷനാണ് ഖത്തറിലെ ഏറ്റവും പഴക്കം ചെന്നതും ഏറെ ശ്രദ്ധേയവുമായ സൈക്കിളോട്ടക്കാരുടെ കൂട്ടം. 54കാരനായ ഐറിഷ് പൗരന്‍ ബെന്‍ കിയാനാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നല്കിയത്. 2005ല്‍ ഖത്തറിലെത്തിയ ബെന്‍ തന്നെപോലെ നിരവധി പേര്‍ സൈക്കിള്‍ ചവിട്ടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചത്. പതിവായി കണ്ടുമുട്ടാറുള്ള സൈക്കിളോട്ടക്കാരുമായി ഇ-മെയില്‍ വിലാസങ്ങള്‍ കൈമാറിയതിന് ശേഷം ആശയം പങ്കുവെച്ചാണ് ഗോള്‍ഫ് ക്ലബ്ബില്‍ കൂട്ടായ്മയ്ക്ക് രൂപം നല്കിയത്.
തുടക്കത്തില്‍ 25 അംഗങ്ങളുണ്ടായിരുന്ന കൂട്ടായ്മയുടെ ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഇപ്പോള്‍ 1300ലേറെ പേരാണ് അംഗങ്ങളായിട്ടുള്ളത്.
2012ല്‍ ആരംഭിച്ച പിനോയ് മൗണ്ടന്‍ ബൈക്കേഴ്‌സ് ഖത്തറാണ് മറ്റൊരു സൈക്കിള്‍ കൂട്ടായ്മ. തുടക്കത്തില്‍ 20 സൈക്കിളുകാരുണ്ടായിരുന്ന കൂട്ടത്തിന്റെ ഫേസ് ബുക്ക് ഗ്രൂപ്പില്‍ ആയിരത്തിലേറെ അംഗങ്ങളുണ്ടെന്ന് മാത്രമല്ല അതില്‍ 350ലേറെ പേര്‍ സ്ഥിരമായി സാന്നിധ്യമറിയിക്കുന്നവരാണ്. അല്‍ അഹ്#ലി ബോയ്‌സ്, കോളറം ബോയ്‌സ്, ജോസ് പെഡല്‍, ടീം റെസ്റ്റ് ബോയ്‌സ്, മിസഈദ് കോക്ക്‌റോച്ച് മൗണ്ടന്‍ ബൈക്കേഴ്‌സ് ക്ലബ്, പിനോയ് 29യേഴ്‌സ്, വക്‌റ റൈഡേഴ്‌സ്, പിനോയ് റോഡീസ് തുടങ്ങി നിരവധി ചെറിയ ഫിലിപ്പിനോ സൈക്ലിംഗ് ഗ്രൂപ്പുകളുടെ മാതൃസംഘടന കൂടിയാണ് പിനോയ് മൗണ്ടന്‍ ബൈക്കേഴ്‌സ് ഖത്തര്‍. പേരുകളിലെല്ലാം പുരുഷന്മാരെയാണ് സൂചിപ്പിക്കുന്നതെങ്കിലും കൂട്ടായ്മയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മാത്രമല്ല, തങ്ങളുടെ സൈക്ലിംഗ് കൂട്ടായ്മയില്‍ മറ്റു രാജ്യക്കാരേയും ചേര്‍ക്കാന്‍ ഫിലിപ്പൈനികള്‍ തയ്യാറാണ്. ഖത്തറിലെ സൈക്ലിംഗ് കൂട്ടായ്മയില്‍ ഫിലിപ്പിനോകള്‍ക്കാണ് ആധിപത്യം. മറ്റു കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമായി പിനോയ് മൗണ്ടന്‍ ബൈക്കേഴ്‌സ് ഖത്തര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് സൈക്കിളുമായുള്ള മല കയറ്റത്തെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഇതിലെ അംഗങ്ങള്‍ ദുഹൈല്‍, മിസഈദ്, അല്‍ ഖോര്‍, അല്‍ ഖറാറ, സീലൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റൈഡിംഗ് നടത്താറുണ്ട്.
ഖത്തറിലെ സൈക്ലിംഗിന് ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാറുള്ളത് കാലാവസ്ഥയാണ്. ചൂടുകാലത്ത് ചൂട് കുറയുന്ന സമയത്താണ് സൈക്ലിംഗ് സംഘം സൈക്കിളുമായി പുറത്തിറങ്ങാറുള്ളത്. പുലര്‍ച്ചെ മൂന്ന് മണിക്കും ആകാശത്ത് ചന്ദ്രനുള്ളപ്പോഴുമായിരിക്കും ഈ കാലാവസ്ഥയിലെ സൈക്കിള്‍ സഞ്ചാരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!