ഇടുക്കി അണക്കെട്ട് തുറന്നു

ചെറുതോണി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടര്‍ 70 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് (സെക്കന്‍ഡില്‍ 50000 ലിറ്റര്‍) വെള്ളമാണ് പെരിയാര്‍ നദിയിലേക്ക് ഒഴുക്കിവിടുന്നത്. ആദ്യം ഷട്ടര്‍ 50 സെന്റീമീറ്ററും പിന്നീട് 20 സെന്റീമീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 70 സെന്റീമീറ്ററാക്കി ഉയര്‍ത്തുകയായിരുന്നു.

കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ളയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതെന്നും ജലനിരപ്പ് ഓരോ മണിക്കൂറിലും നിരീക്ഷിച്ചുവരികയാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു.