1469 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

kerala_immigration_20071119മലപ്പുറം: ജില്ലയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ 1469 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമകളും കരാറുകാരും ഉറപ്പാക്കണമെന്ന് എക്‌സി. ഓഫീസര്‍ എം വി ശങ്കരന്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവരില്‍ ഭൂരിഭാഗവും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കും. ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും ജോലി ചെയ്ത് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ക്ഷേമനിധി ആനുകൂല്യമായി നല്‍കുക. സംസ്ഥാനത്ത് തൊഴിലെടുത്ത ദിവസങ്ങള്‍ക്കനുസൃതമായാണ് ആനുകൂല്യം ലഭിക്കുക. ഓരോ വര്‍ഷവും തൊഴിലാളികള്‍ 30 രൂപ നല്‍കി രജിസ്‌ട്രേഷന്‍ പുതുക്കണം.

18 വയസ്സാണ് രജിസ്‌ട്രേഷനുള്ള പ്രായപരിധി. 60 വയസ്സുവരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. 2010 ലെ നിയമ നിര്‍മാണ പ്രകാരം 2011 ജൂലൈയിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്.