Section

malabari-logo-mobile

ഇടം പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയില്‍ ക്ഷണം

HIGHLIGHTS : ഇടം പദ്ധതി രേഖ അവതരിപ്പിക്കാന്‍ ഐക്യ രാഷ്ട്രസഭയില്‍ ക്ഷണം ലഭിച്ചതായി മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട...

ഇടം പദ്ധതി രേഖ അവതരിപ്പിക്കാന്‍ ഐക്യ രാഷ്ട്രസഭയില്‍ ക്ഷണം ലഭിച്ചതായി മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹ്യ ശാക്തീകരണവും എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്നതിനാണ് ഇടം പദ്ധതിക്ക് ക്ഷണം ലഭിച്ചത്.

യു.എന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പതിനേഴോളം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഏകോപിപ്പിച്ചു തയ്യാറാക്കിയ പദ്ധതി എന്ന നിലയ്ക്കാണ് ഇടം രാജ്യാന്തര അംഗീകാരം നേടിയത്.  ഐക്യരാഷ്ട്ര സഭയുടെ സ്റ്റുഡന്റ് ഔട്ട്‌റീച്ച് ഡിവിഷന്‍ യു.എന്‍.എ.ഐ. ആണ് സ്റ്റാര്‍ട്ട് (സ്‌കില്‍സ് ആന്റ് ടെക്‌നോളജി അച്ചീവിംഗ് റാപിഡ് ട്രാന്‍സ്ഫര്‍മേഷന്‍) രാജ്യാന്തര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.  സംസ്ഥാന സര്‍ക്കാരിനൊപ്പം കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളജ് യു.എന്‍.എ.ഐ. ചാപ്റ്ററും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.     പ്രാദേശിക വികസനം നടപ്പിലാക്കുന്നതിന് രൂപം നല്‍കിയ പദ്ധതിയാണ് ഇടം വിഷന്‍-2030.  താഴെത്തട്ടു മുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ഇടത്തിന്റെ വിശാല ലക്ഷ്യം.

sameeksha-malabarinews

വ്യക്തികള്‍, കുടുംബം, പൊതുജനം, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, വിവിധമേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സമഗ്ര വികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ലക്ഷ്യം.
സാമൂഹിക മൂലധനം സര്‍ക്കാര്‍ മൂലധനവുമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ സുസ്ഥിര വികസന മാതൃകയായി മാറും വിധമാണ് ഇടത്തിന് രൂപം നല്‍കിയിട്ടുള്ളത്.
പ്രാദേശിക ഭരണ സംവിധാനങ്ങളുമായി ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കി നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.  മണ്ഡല വികസന കര്‍മ്മപദ്ധതി പരമ്പരാഗത രീതികളില്‍ നിന്ന് വേറിട്ടു നില്‍ക്കും വിധമാണ് തയ്യാറാക്കിയത്.  മണ്ഡലത്തിലെ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കു ചേരുന്ന വികസന കൂട്ടായ്മയാണ് പദ്ധതിയുടെ പ്രത്യേകത.മണ്ഡലത്തില്‍ നിലനില്‍ക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരം പരിഹാര മാര്‍ഗങ്ങള്‍ ഇടത്തിന്റെ ഭാഗമായി രൂപീകരിക്കുന്നുമുണ്ട്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, വിഭവങ്ങള്‍ എന്നിവ സംയോജിപ്പിച്ചു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളും കൂട്ടിച്ചേര്‍ത്ത് മണ്ഡലത്തില്‍ വികസന നിര്‍വഹണ രീതിയില്‍ മാറ്റങ്ങള്‍ വരുത്തും.   എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിന് ചേരുന്ന സമഗ്ര വികസനം ഉറപ്പാക്കുന്ന സമ്പൂര്‍ണ വികസന പദ്ധതികളും ഇടത്തിന്റെ ഭാഗമാകും.  കക്ഷി, രാഷ്ട്രീയ, ജാതി, മത വ്യത്യാസങ്ങള്‍ക്ക് അപ്പുറം കൂട്ടായ്മയിലൂടെ സാധ്യമാക്കാവുന്ന വികസന മാതൃകയാണ് ഇവിടെ യാഥാര്‍ത്ഥ്യമാവുക.  2030-ാം മാണ്ടില്‍ കുണ്ടറ മണ്ഡലത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് ഇടം വിഷന്‍-2030ന്റെ ലക്ഷ്യം.

സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങള്‍ക്കായി നിര്‍മ്മാണ ചെലവ് ചുരുക്കിയുള്ള വീടുകള്‍ തീര്‍ക്കാന്‍ പര്യാപ്തമായ പദ്ധതി തയ്യാറാക്കി കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയും ഇടത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.  സ്ഥാപനത്തിലെ യു.എന്‍. ചാപ്റ്ററാണ് ഭവന നിര്‍മാണ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.  സാങ്കേതികമായി മികച്ചു നില്‍ക്കുന്ന ദൃഢതയുള്ള ചെലവ് പരിമിതപ്പെടുത്തിയ ഭവന നിര്‍മ്മാണ രീതിയാണ് ഇടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.  ഒരു സെന്റില്‍ 400 ചതുരശ്ര അടിയില്‍ രണ്ടു കിടപ്പ് മുറികളും, സ്വീകരണ മുറിയും ശുചിമുറിയും അടങ്ങുന്ന വീടിന് നാല് ലക്ഷം രൂപ മാത്രമാണ് ചെലവ്.  ഇതാണ് ഐക്യരാഷ്ട്ര സഭയുടെ ക്ഷണത്തിന് കാരണമായത്.

ഇടം പദ്ധതി ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലേക്കെത്താന്‍ ജലസംരക്ഷണ പദ്ധതികളും സഹായകമായി.  ഓരോ പഞ്ചായത്തിനും 10 ലക്ഷം രൂപ വീതം നല്‍കി കിണര്‍ റീചാര്‍ജിംഗ് ഉറപ്പാക്കിയാണ് ജലസംരക്ഷണത്തിന്റെ ആദ്യ ചുവട് വയ്പ്പ്.  മഴക്കുഴികളുടെ നിര്‍മാണം, തെങ്ങിന്‍ തടങ്ങള്‍ തുറക്കല്‍, കുളങ്ങളും അരുവികളും പുനരുജ്ജീവിപ്പിക്കല്‍, ചിറകളുടേയും ഏലകളുടേയും നവീകരണം എന്നിവയാണ് മറ്റു ജലസംരക്ഷണ മാര്‍ഗങ്ങള്‍.  ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ ജലസഭകള്‍ ചേര്‍ന്നു.

ഭൂജലശോഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംരക്ഷണ മാര്‍ഗങ്ങള്‍ സംബന്ധിച്ച് കേരള സര്‍വ്വകലാശാലയുടെ പഠന സംഘം (ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്ചറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു.  മണ്ഡലത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ജല സംരക്ഷണ പരിശീലന കേന്ദ്രം ആരംഭിച്ചു കൊണ്ട് ജലസംരക്ഷണ മാര്‍ഗങ്ങളില്‍ വൈദഗ്ധ്യം നേടുന്നതിനുള്ള ക്ലാസുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് യു. എന്‍. അസംബ്ലിയില്‍ ഇടം പദ്ധതി അവതരിപ്പിക്കുന്നത്.
പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച സാങ്കേതികവും ഭരണപരവുമായ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അവതരിപ്പിക്കും.  പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ എ.ഡി.സി. (ജനറല്‍) വി. സുദേശന്‍, കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഫിഷറീസ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോം ലാല്‍ എന്നിവര്‍ വിശദമാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!