ഐഎഎസ് ഓഫീസറുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മോദിക്ക് കത്ത്

ias-officer-dk-ravi_650x400_51426527188ബംഗളൂരു: ഐ എ എസ് ഉദ്യോഗസ്ഥനായ ഡി കെ രവിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 13.58 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി ഈ കാമ്പെയിനില്‍ പങ്കെടുത്തിരിക്കുന്നത്.

അതേ സമയം, രവിയുടെ മരണത്തെപ്പറ്റി സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബി ജെ പി നിയമസഭയില്‍ ധര്‍ണ നടത്തി. പാട്ടും, മിമിക്രിയും ധര്‍ണയ്ക്ക് അകമ്പടിയുണ്ടായിരുന്നു. ആര്‍ വിശ്വനാഥ് എംഎല്‍എയാണു മിമിക്രിക്കു നേതൃത്വം നല്‍കി സ്പീക്കര്‍ കഗോഡു തിമ്മപ്പയുടെ ശബ്ദം അനുകരിച്ചത്.

ഡി കെ രവിയുടെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു ബി ജെ പിയും ജെ ഡി എസും നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നു ബുധനാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ സ്തംഭിച്ചിരുന്നു. ഈ ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയ്ക്കുള്ളില്‍ രാപകല്‍ ധര്‍ണ നടത്തുകയാണ്.

അഴിമതിക്കും മണല്‍ മാഫിയയ്ക്കുമെതിരേ ശക്തമായ പോരാട്ടം നയിച്ചിരുന്ന ബംഗളൂരു വാണിജ്യനികുതി വിഭാഗം അഡീഷണല്‍ കമ്മീഷണറായ ഡി കെ രവിയെ തിങ്കളാഴ്ചയാണു കോറമംഗലയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രവിയുടെ മരണം സംബന്ധിച്ച അന്വേഷണം സര്‍ക്കാര്‍ സി ഐ ഡിയെ ഏല്‍പ്പിച്ചിരുന്നു. മരണം ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.