Section

malabari-logo-mobile

ഐ എ എ എഫ് ഡയമണ്ട് ലീഗിന്റെ ആദ്യഘട്ട മത്സരങ്ങള്‍ക്ക് ഇന്ന്‌ ദോഹയില്‍ തുടക്കം

HIGHLIGHTS : ദോഹ: വിഖ്യാത കായിക താരങ്ങള്‍ക്ക് പങ്കെടുക്കുന്ന ഐ എ എ എഫ് (ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍) ഡയമണ്ട് ലീഗിന്റെ ആദ്യഘട്ട

download (1)ദോഹ: വിഖ്യാത കായിക താരങ്ങള്‍ക്ക് പങ്കെടുക്കുന്ന ഐ എ എ എഫ് (ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍) ഡയമണ്ട് ലീഗിന്റെ ആദ്യഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് ദോഹ വേദിയാകും.
വൈകിട്ട് ആറു മുതല്‍ വെസ്റ്റ്‌ബേയിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
നാലര മുതല്‍ കാണികളെ പ്രവേശിപ്പിക്കും. ഇതോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിവിധ രാജ്യങ്ങളിലെ 14 വേദികളിലായാണ് ഡയമണ്ട് ലീഗ് സീരീസ്  അരങ്ങേറുക. ഇതിന്റെ ആദ്യ വേദിയാണ് ദോഹ. അടുത്ത മത്സരവേദി ഷാങ്ഹായ് ആണ്. റോം, യൂജിന്‍, ബര്‍മിങ്ഹാം, ഓസ്ലോ, ന്യൂയോര്‍ക്ക്, പാരീസ്, ലൗസെന്നെ, മൊണാക്കോ, ലണ്ടന്‍, സ്റ്റോക്‌ഹോം, സൂറിച്ച്, ബ്രസല്‍സ് എന്നിവയാണ് ഡയമണ്ട് ലീഗ് സീരീസ് അരങ്ങേറുന്ന മറ്റു നഗരങ്ങള്‍. അവസാനവേദിയാണ് ബ്രസല്‍സ്.
പുരുഷ, വനിതാ വിഭാഗങ്ങളിലായി 23 മത്സരങ്ങളാണ് ഇന്ന് നടക്കുക. വനിതകളുടെ 200 മീറ്ററില്‍ അമേരിക്കന്‍ താരം അലിസണ്‍ ഫെലിക്‌സ്, 400 മീറ്ററില്‍ സന്യ റിച്ചാര്‍ഡ് റോസ്സ് എന്നിവരാണ് ഇന്നത്തെ മത്സരങ്ങളുടെ പ്രധാന ആകര്‍ഷണം.
1500 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍  2012ലെ സ്വര്‍ണ ജേതാവും മുന്‍ ഐ എ എ എഫ് അത്‌ലറ്റ് ഓഫ് ദ് ഇയറുമായ ആസ്‌ത്രേലിയയുടെ സാലി പിയേഴ്‌സണ്‍ മത്സരിക്കുന്നുണ്ട്. ഹൈജംപ്, ലോംഗ്ജംപ് എന്നിവയാണ് വനിതാ വിഭാഗത്തിലെ മറ്റു മത്സരങ്ങള്‍.
പുരുഷ വിഭാഗത്തില്‍ നൂറു മീറ്ററില്‍ ഒളിംപിക് ചാംപ്യന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ പങ്കെടുക്കുമെന്നത് ഡയമണ്ട് ലീഗിനെ ശ്രദ്ധേയമാക്കും.
രണ്ടു തവണ ഒളിംപിക് ചാംപ്യനായ മൊ ഫറ 3000 മീറ്ററില്‍ പങ്കെടുക്കും. 800 മീറ്ററില്‍  കെനിയയുടെ ആസ്ബല്‍ കിപ്രോപും എത്യോപ്യയുടെ മുഹമ്മദ് അമ്മാനും തമ്മിലായിരിക്കും പ്രധാന മത്സരം.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഖ്യാത അത്‌ലറ്റ് ഫെലിക്‌സ് സാഞ്ചസ് മാറ്റുരയ്ക്കും.  പോള്‍ വാള്‍ട്ടിലെ ലോക റെക്കോര്‍ഡിനുടമയായ റെനോഡ് ലാവില്ലെനിയാണ് ആകര്‍ഷണ കേന്ദ്രം. ട്രിപ്പിള്‍ ജംപില്‍ അമേരിക്കയുടെ ഒളിംപിക് ഗോള്‍ഡ് മെഡല്‍ താരം ക്രിസ്റ്റിയന്‍ ടെയ്‌ലര്‍ മത്സരിക്കുന്നുണ്ട്. ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നിവയാണ് മറ്റു മത്സരങ്ങള്‍.
ഡയമണ്ട് ലീഗ് മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ദോഹയില്‍ മികച്ച കായികാനുഭവം സമ്മാനിക്കാന്‍ ഇന്നത്തെ രാത്രിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടക സമിതി ചെയര്‍മാനും ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റുമായ ദഹ്‌ലന്‍ അല്‍ ഹമദ് പറഞ്ഞു. 54 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ ലീഗില്‍ പങ്കെടുക്കുന്നുണ്ട്. പന്ത്രണ്ട് പ്രാദേശിക ഒളിംപിക് ചാംപ്യന്‍മാരും 26 ലോക ചാംപ്യന്‍മാരും ദോഹയില്‍ മാറ്റുരയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൈറ്റ് മാരത്തോണ്‍ എന്ന ആശയം ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും 2019ല്‍ ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നൈറ്റ് മാരത്തോണ്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!