പണമിടപാട് സ്ഥാപന ഉടമയുടെ വീട്ടിലെത്തിയ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു

Story dated:Sunday April 23rd, 2017,12 56:pm

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ വീട്ടില്‍ ലഭിക്കാനുണ്ടായിരുന്ന പണം ആവശ്യപ്പെട്ടെത്തിയ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശി കെ കെ വേണു (57), ഭാര്യ സുധര്‍മ്മ (54)  എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെസിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ വേണുവാണ് ആദ്യം മരിച്ചത്. സ്ഥാപന ഉടമ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അമ്പലപ്പുഴ ബി ആന്‍ഡ് ബി എന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയായ സുരേഷിന്റെ വീട്ടില്‍ വെച്ചാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. പണം ആവശ്യപ്പെട്ട് ഇവര്‍ ശനിയാഴ്ച രാവിലെ മുതല്‍ ഈ വീട്ടില്‍ കുത്തിയിരിക്കുകയായിരുന്നു. രാത്രി എട്ടോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മൂന്നര ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.