ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  പട്ടം താണുപിളള സ്മാരക ഹോമിയോപ്പതി ആശുപത്രിയില്‍  സാന്ത്വന പരിചരണ വിഭാഗത്തിന്റെയും ജനനി കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുവാനാണ് ആര്‍ദ്രം മിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.  ആയുര്‍വേദരംഗത്തെ ഗവേഷണം ശക്തമാക്കാന്‍ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കും.  നാഷണല്‍ ആയുഷ് മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് അന്താരാഷ്ട്ര എക്‌സ്‌പോ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹോമിയോപ്പതി വന്ധ്യതാ ചികിത്സയില്‍ വിജയം നേടിയ ദമ്പതിമാരുടെ കുഞ്ഞുങ്ങള്‍ക്ക്  ചടങ്ങില്‍ മന്ത്രി പാരിതോഷികം നല്‍കി.  സാന്ത്വന ചികിത്സാ പദ്ധതിയുടെ ലോഗോയും ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു.

മാറാരോഗം ബാധിച്ച് വേദന അനുഭവിക്കുന്നവര്‍, കുടുംബത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ കിടത്തി ചികിത്സിച്ച് ആശ്വാസം നല്‍കുവാന്‍ ആണ് പാലിയേറ്റീവ് കെയര്‍ അഥവാ സാന്ത്വന ചികിത്സാ പദ്ധതി ലക്ഷ്യമിടുന്നത്.