മുന്‍മന്ത്രി ശശീന്ദ്രനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

മലപ്പുറം:  മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനൊപ്പം പൊതുവേദിയില്‍ നില്‍ക്കുന്ന തന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി ചൊവ്വാഴ്ച മാതാപിതാക്കളോടപ്പം പരപ്പനങ്ങാടി സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് രാത്രി എഴരയോടെ ഈ കേസില്‍ ഐടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തു.

എകെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി എന്ന രൂപത്തിലുള്ള പോസ്റ്റുകളാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു ഉദ്ഘാടനവേദിയില്‍ പെണ്‍കുട്ടിയും മുന്‍മന്ത്രിയും അടുത്തടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്.

ഈ കേസില്‍ അന്വേഷണം ദ്രുതഗതില്‍ നടക്കുന്നുണ്ടെന്നും ഈ ഫോട്ടോ അപ് ലോഡ് ചെയ്ത ഐഡി സൈബര്‍സെല്ലിന്റെ സഹായത്താല്‍ കണ്ടെത്താനാവുമെന്നും പോലീസ് പറഞ്ഞു.