Section

malabari-logo-mobile

ചരിത്രപ്രസിദ്ധമായ താനൂരിലെ ബുദ്ധാശ്രമം തകര്‍ച്ചയുടെ വക്കില്‍ നാമാവശേഷമാകുന്നത് മറ്റൊരു ചരിത്ര ശേഷിപ്പ്.

HIGHLIGHTS : താനൂര്‍: ചരിത്രപ്രസിദ്ധമായ താനൂരിലെ ബുദ്ധാശ്രമം നാമാവശേഷമാകുന്നു. താനൂരില്‍ 3 കിലോമീറ്റര്‍ മാറി കോഴിക്കോട് റോഡില്‍ സ്‌കൂള്‍പടിക്ക് കിഴക്ക് ഭാഗത്തായ...

tanur,nari mada copyതാനൂര്‍: ചരിത്രപ്രസിദ്ധമായ താനൂരിലെ ബുദ്ധാശ്രമം നാമാവശേഷമാകുന്നു. താനൂരില്‍ 3 കിലോമീറ്റര്‍ മാറി കോഴിക്കോട് റോഡില്‍ സ്‌കൂള്‍പടിക്ക് കിഴക്ക് ഭാഗത്തായി കുന്നുംപുറത്താണ് ചരിത്രപ്രാധാന്യമുള്ള ‘നരിമട’ എന്നറിയപ്പെടുന്ന പഴയകാല ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നത്. നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഈ ഗുഹയുടെ ഉള്‍വശത്തെ വിസ്തീര്‍ണം.
കേരള സമൂഹത്തില്‍ ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സര്‍വോദയ പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നത് ഇവിടെ നിന്നാണ്. മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാരെ കണ്ടാല്‍പോലും ഗൗരവതരമായ ശിക്ഷകള്‍ നിലനിന്നിരുന്ന കാലത്ത് സാമൂതിരിയും കീഴ്ജാതിക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ‘പന്തിഭോജന’വും ഇവിടെ നടന്നിരുന്നു. പിന്നീട് കോഴിക്കോട് ബുദ്ധാശ്രമം സന്യാസിശ്രേഷ്ഠനായിരുന്ന ധര്‍മസ്‌കന്ദയുടെ നേതൃത്വത്തില്‍ ഇവിടം ആശ്രമത്തിന്റെ ഉപമഠമായും അറിയപ്പെട്ടു. ഒട്ടനവധി സന്യാസിമാര്‍ പഠനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചിരുന്നു. മാര്‍ബിളില്‍ കൊത്തുപണിയാല്‍ തീര്‍ത്ത ശ്രീബുദ്ധന്റെ പ്രതിമയും ബുദ്ധ സന്യാസിമാരുടെ പ്രിയ കേന്ദ്രമായിരുന്നു ഇവിടമെന്നതിന് തെളിവാണെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ആദരവോട് കൂടി തലയില്‍ ചുമന്നാണ് ആശ്രമത്തില്‍ ഈ പ്രതിമ എത്തിച്ചതെന്നും പറയപ്പെടുന്നു. കാലങ്ങള്‍ക്ക് ശേഷം സാമൂഹ്യവിരുദ്ധര്‍ മാര്‍ബിള്‍ പ്രതിമയ്ക്ക് കേടുവരുത്തി. കൈകളും തലയും പൊട്ടിച്ചു കളഞ്ഞു. ഇപ്പോള്‍ അവശേഷിച്ച ഭാഗം പരിയാപുരം സെന്‍ട്രല്‍ സ്‌കൂളില്‍ സൂക്ഷിച്ചിട്ടുണ്ട്.
ശ്രീബുദ്ധന് ബോധോദയമുണ്ടായെന്ന് പറയപ്പെടുന്ന ‘മഹാബോധി’ ആല്‍മരത്തിന്റെ ഒരു തൈ ഇവിടെ നട്ടുവളര്‍ത്തിയിരുന്നതായി ചരിത്രാന്വേഷകനും അധ്യാപകനും പ്രദേശവാസിയുമായ സുഗതന്‍ മാഷ് പറയുന്നു. സ്വാമി ധര്‍മസ്‌കന്ദയുടെ കാലശേഷം സന്യാസിമാര്‍ ഇവിടം കൈയൊഴിഞ്ഞു
സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്ന കേളപ്പജി, മാഹി പ്രസ്ഥാനത്തിലെ എ.കെ. കുമാരന്‍ മാസ്റ്റര്‍, ശ്രീനാരായണഗുരുവില്‍ നിന്ന് നേരിട്ട് സന്യാസം സ്വീകരിച്ച സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നിവരുടേയും സന്ദര്‍ശന കേന്ദ്രമായിരുന്നു ഈ ബുദ്ധ വിഹാരം. മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിരിയുടെ സഹോദരനും പ്രശസ്ത ചിത്രകാരനുമായ നാരായണന്‍ നമ്പൂതിരി പാരീസില്‍ നിന്നും വന്ന് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രകൃതിയാല്‍ രൂപപ്പെട്ടതാണെങ്കിലും സമീപപ്രദേശങ്ങളില്‍ കിണറുകള്‍ കുഴിക്കുന്ന സമയത്ത് ഈ ഗുഹയില്‍ നിന്ന് കൈവഴികള്‍പോലെ തുരങ്കമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷയെ മുന്‍നിര്‍ത്തി നാട്ടുകാര്‍ ഈ തുരങ്കവാതിലുകള്‍ അടക്കുകയായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നതായും പറയുന്നു. നിരവധി ചരിത്രാന്വേഷികളും വിദ്യാര്‍ത്ഥികളും പഠനാര്‍ത്ഥം ഇവിടെ ഇപ്പോഴും സന്ദര്‍ശകരായി എത്തുന്നു. വളരെയേറെ ചരിത്രപശ്ചാത്തലമുള്ള ഇവിടം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഈ ചരിത്രസ്മാരകത്തെ വേണ്ട രീതിയില്‍ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ സ്മാരകം സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!