നടി റീമാ ലാഗു (59) അന്തരിച്ചു

മുംബൈ : ഹിന്ദി സിനിമ നടി റീമാ ലാഗു (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്നലെ രാത്രി കോകിലബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മറാത്തി നാടകങ്ങളിലും പ്രമുഖ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു.

കുച്ച് കുച്ച് ഹോത്താ ഹേ, മേനെ പ്യാര്‍ കിയാ, ഹം സാത്ത് സാത്ത് ഹം, സാജന്‍, ഹം ആപ്കെ ഹേ കോന്‍, വാസ്തവ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സീരിയലുകളിലും മറാത്തി സിനിമകളിലും റീമാ ലാഗു അഭിനയിച്ചിട്ടുണ്ട്.

മുംബൈയിലെ നാടക നടിയായായിരുന്ന മന്ദാകിനി ഭധാടെയുടെ മകളായി 1958 ലാണ് റീമ ജനിക്കുന്നത്. നയന്‍ ഭധാടെ എന്നായിരുന്നു ആദ്യ പേര്. പ്രശസ്ത മറാത്തി നടന്‍ വിവേക് ലാഗുവുമായുള്ള വിവാഹ ശേഷമാണ് നയന്‍, റീമ എന്ന പേര്‍ സ്വീകരിക്കുന്നത്. വിവേകുമായുള്ള റീമയുടെ വിവാഹബന്ധം കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള. മറാത്തി നടിയായ മൃന്‍മയിയാണ് ഏകമകള്‍.