ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റീല്‍ ആദ്യ സ്വര്‍ണം;ചരിത്രം കുറിച്ച് ഹിമ ദാസ്

താംപരെ: ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഹിമ ദാസ്. അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിലാണ് ഹിമ സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. പതിനെട്ടുകാരിയായ ഹിമ 51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് വിജയത്തിലെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ.

റൊമാനിയയുടെ ആന്ദ്രെ മികോലസ്(52.07) വെള്ളിയും, അമേരിക്കയുടെ ടെയ്‌ലര്‍ മന്‍സന്‍(52.28)വെങ്കലവും നേടി.

അസം സ്വദേശിയാമ് ഹിമ. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാമതായാണ് ഹിമ ഫിനിഷ് ചെയ്തത്. അണ്ടര്‍-20 ലും ഹിമ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ചരിത്രനേട്ടം സ്വന്തമാക്കിയ ഹിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.

നെല്‍പ്പാടത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചിരുന്ന ഹിമയെ പ്രദേശവാസിയായ ലോക്കല്‍ കോച്ചാണ് അത്‌ലറ്റിക് രംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ഏറെ പാവപ്പെട്ട വീട്ടിലെ കുട്ടിയായതുകൊണ്ടുതന്നെ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഹിമ മുന്നേറിയത്. സ്‌പോര്‍ട്‌സ് യൂത്ത് വെല്‍ഫെയറിന്റെ സഹായതോടെയാണ് പിന്നീട് ഹിമയുടെ വളര്‍ച്ച. പിന്നീട് കൂടുതല്‍ പ്രാക്ടീസിനായി ഹിമയോടും ആറുസഹോദരങ്ങള്‍ ഉള്‍പ്പെട്ട കുടംബത്തോടും ഗോഹട്ടിയിലേക്ക് മാറാന്‍ കോച്ച് നിപ്പോണ്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഹിമയ്ക്ക് താമസിക്കാനും പഠനത്തിനുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ബോക്‌സിങും ഫുട്‌ബോളും അത്‌ലറ്റിക്‌സിനൊപ്പം ഹിമ പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്.
ഇപ്പോള്‍ ഹിമ സ്വന്തമാക്കിയിരിക്കുന്ന ചരിത്ര നേട്ടത്തില്‍ താന്‍ വല്ലാതെ സന്തോഷിക്കുന്നതായും കോച്ച് നിപ്പോണ്‍ പറഞ്ഞു. ഹിമ കഴിവുള്ള കുട്ടിയാണെന്നും അവള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകമാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.