ഹൈവേയില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ 100 ക്യാമറകള്‍

download (1)തിരു : സംസ്ഥാനത്തെ ഹൈവേകളില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ 100 ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകും. പൂര്‍ണ്ണമായും ഓട്ടേമെറ്റിക്കായും പ്രവര്‍ത്തിക്കുന്ന സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക.

അപകടങ്ങള്‍ ഏറെയം നടക്കുന്നത് അമിതവേഗതയും അശ്രദ്ധയും മൂലമാണെന്നതിനാല്‍ അമിതവേഗക്കാരെയും, അലക്ഷ്യമായി വാഹനമോടിക്കുന്നവരെയും പിടികൂടാനായാണ് കേരളാ പോലീസ് കെല്‍ട്രോണ്‍ മുഖാന്തിരം ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്.

ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന പ്രധാന ഹൈവേകളിലെ 100 സ്ഥലങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. അമിതവേഗത്തിലും അപകടകരമായ വിധത്തിലും നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളെ നിരീക്ഷിച്ച് അവയെ കുറിച്ചുളള വിവരം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. അവ പരിശോധിച്ച ശേഷം വാഹന ഉടമകളെ സംബന്ധിച്ച വിവരശേഖരത്തിന്റെ സഹായത്തോടെ വാഹന ഉടമയെ കണ്ടെത്തി പിഴ ഈടാക്കും. പിഴ സംബന്ധിച്ച് തപാല്‍ വഴി എത്തുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തിലുള്ള തുക ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ്ങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചോ അടക്കാം. സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ നിരക്ക് കുറക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ സംവിധാനം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്യും.