ഹൈടെക് സ്‌കൂള്‍ പദ്ധതി അവസാന ഘട്ടത്തിലേക്ക്; 74373 അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 74,373 അദ്ധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ അവധിക്കാലത്ത് പൂര്‍ത്തിയാക്കി.  ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 42,636 പേര്‍ക്കും ഹയര്‍ സെക്കന്ററിയില്‍ 22,074 പേര്‍ക്കും 9,663 പ്രൈമറി ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമാണ് ഇപ്രകാരം വിഷയാധിഷ്ഠിത ഐ.ടി. പരിശീലനം നല്‍കിയത്.  34,500 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള ഉപകരണ വിന്യാസം നേരത്തെ പൂര്‍ത്തിയായി.

പ്രൈമറി വിഭാഗം ഉള്‍പ്പെടെ 13,786 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി.  1990 ഹൈസ്‌കൂളുകളില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകള്‍ രൂപീകരിച്ചു.  ക്ലാസ് മുറികളില്‍ ഡിജിറ്റല്‍ രീതിയില്‍ വിനിമയം നടത്തുന്നതിനുള്ള ‘സമഗ്ര’ പോര്‍ട്ടല്‍ പരിശീലനങ്ങളില്‍ പ്രാധാന്യത്തോടെ പരിചയപ്പെടുത്തി. മൗണ്ടിംഗ്, പെയിന്റിംഗ്, ലിറ്റില്‍ കൈറ്റ്‌സ് എന്നിവയ്ക്ക് എല്ലാ സ്‌കൂളുകള്‍ക്കും തുക അനുവദിച്ചു.  സ്‌കൂളുകളിലെ പ്രവര്‍ത്തന പുരോഗതി, ലാബ് സജ്ജീകരണം, മൂന്നാംഘട്ട വിന്യാസത്തിനുള്ള പരിശോധന എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്‌കൂള്‍ സര്‍വേ ആരംഭിച്ചു.  സര്‍വേ അനുസരിച്ച് സജ്ജമാകുന്ന മറ്റു ക്ലാസ് മുറികളില്‍ ജൂണ്‍ രണ്ടാം വാരം ഉപകരണങ്ങള്‍ സ്ഥാപിക്കും.

ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാകുന്ന പശ്ചാത്തലത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് പുറമെ 45,000 ഡിവിഷനുകളിലേയും ക്ലാസ് ലീഡര്‍മാരായ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Related Articles