ഹെല്‍മറ്റ്‌ ധരിക്കാതെ ബൈക്ക്‌ സ്റ്റാര്‍ട്ടാവില്ല അപകടം തടയാന്‍ നൂതനവിദ്യയുമായി മലപ്പുറം സ്വദേശി

helmet-bike copyപരപ്പനങ്ങാടി: ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത്‌ തടയാന്‍ നൂതന സാങ്കേതികവിദ്യയുമായി എത്തിയ മലപ്പുറം വള്ളിക്കുന്ന്‌ സ്വദേശിയായ നിതിന്‍ മുരളിയുടെ ആശയം ഏറെ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരത്ത്‌ സംഘടിക്കപ്പെട്ട റോഡ്‌ സുരക്ഷ ഹക്കാത്തോണിലാണ്‌ ബിടെക്‌ ബിരുദധാരിയായ നിതിന്‍ തന്റെ സ്‌മാര്‍ട്ട്‌ ഹെല്‍മെറ്റ്‌ എന്ന ആശയം അവതരിപ്പിച്ചത്‌. റോഡപകടങ്ങളെ നിയന്ത്രിക്കാനും സുരക്ഷിതയാത്ര ഉറപ്പാക്കാനുമുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ രുപകല്‍പ്പന ചെയ്യുന്ന ഹാക്കത്തോണില്‍ നിതിന്റെ സ്‌മാര്‍ട്ട്‌ ഹെല്‍മറ്റിന്‌ ഹാര്‍ഡ്‌ വെയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും രണ്ട്‌ ലക്ഷം രൂപയും ലഭിച്ചു. കേരള റോഡ്‌ സുരക്ഷ അതോറിറ്റിയും, ലോകബാങ്കും ഇന്റര്‍നാഷനണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും സംയുക്തമായി ഇന്ത്യയില്‍ ആദ്യമായി നടത്തിയ ഈ ഹാക്കത്തോണില്‍ 150 പേരാണ്‌ പങ്കെടുത്തത്‌.

ഹെല്‍മെറ്റിലും ബൈക്കിലും ഘടിപ്പിക്കുന്ന പരസ്‌പരം ബന്ധിപ്പിക്കുന്ന ഒരു ചിപ്പാണ്‌ സ്‌മാര്‍ട്ട്‌ ഹെല്‍മെറ്റിന്റെ സവിശേഷത. ഇരുചക്രയാത്രികന്‍ ഇത്‌ ധരിച്ചാല്‍ മാത്രമെ വാഹനം സ്റ്റാര്‍ട്ട്‌ ആവുകയൊള്ളു. മാത്രമല്ല ഇവര്‍ക്ക്‌ അപകടം സംഭവിച്ചാല്‍ ഉടനത്‌ മനസ്സിലാക്കാനും സുരക്ഷസംവിധാനങ്ങളിലേക്കും, അധികൃതര്‍ക്കും സ്വമേധയ സന്ദേശം അയക്കാനുള്ള സംവിധാനവും ഈ ചിപ്പുകളിലുണ്ട്‌.
ഈ ഉപകരണം ഇരുചക്രവാഹനങ്ങളില്‍ നിര്‍ബന്ധമാക്കുയാണെങ്കില്‍ വാഹനം ഓടിക്കുവാന്‍ ചാവി മാത്രല്ല ഹെല്‍മെറ്റും നിര്‍ബന്ധമാകും. അതിലൂടെ ജനങ്ങള്‍ ഹെല്‍മെറ്റിടാന്‍ ശീലിക്കുകയും അതിലൂടെ ഹെല്‍മെറ്റിനോടുള്ള നമ്മുടെ ഇഷ്ടമില്ലായ്‌മ മാറ്റിയെടുക്കാന്‍ സാധിക്കുകയും അതോടെ റോഡപകടങ്ങളുടെ തോത്‌ കുറക്കാനാകുമെന്നും നിതിന്‍ കരുതുന്നു.

തിരൂര്‍ കോടതിയിലെ സൂപ്രണ്ടായ മുരളീധരന്റെയും അരിയല്ലൂര്‍ ജിയുപിഎസ്സിലെ അധ്യാപികയായ ശ്രീകലയുടെയും മകനാണ്‌ നിതിന്‍ മുരളി. സഹോദരന്‍ വിപിന്‍ ബാംഗ്ലൂരില്‍ എഞ്ചിനിയറാണ്‌. ചെറുപ്പം മുതല്‍ ശാസത്രീയ വിഷയങ്ങളോട്‌ ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍ . മലപ്പുറും നവോദയയിലും, തിരുവനന്തപുരം ജെഐടി എഞ്ചിനീയറിങ്ങ്‌ കോളേജിലുമാണ്‌ നിതിന്‍ പഠനം നടത്തിയത്‌. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ടെക്‌ ബ്രിക്‌ ഹോം ഓട്ടോമേഷന്‍ എന്ന സ്ഥാപനം നടത്തുകയാണ്‌. കുറഞ്ഞ ചിലവില്‍ വീടുകള്‍ക്ക്‌ മൊത്തം സുരക്ഷ എന്ന ആശയമാണ്‌ ടെക്‌ ബ്രിക്‌ ഓട്ടോമേഷന്‍ ഉയര്‍ത്തുന്നത്‌.