ശക്തമായ മഴ: വയനാട്ടില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വയനാട്: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ ക്യാമ്പുകളിലായി 353 ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പടിഞ്ഞാറത്തറ കാവുംമന്ദത്തെ രണ്ട് കോളനികള്‍, കമ്പളക്കാട് പരിധിയിലെ പാലവയല്‍ കോളനി, മൈലാടി വൈശ്യന്‍ കോളനി, കല്‍പ്പറ്റയ്ക്കടുത്ത് മാണിയങ്കോട്ടെ, നെടുനിലം, ഓടമ്പം കോളനി എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

മാനന്തവാടി കരിന്തിരിക്കടവ്, കമ്മന റോഡില്‍ വെള്ളം കയറി ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. മഴ ശക്തമായി തുടരുന്നതിനാല്‍ ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ ഇടയുള്ളതിനാല്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കല്‍പ്പറ്റ മണിയങ്കോട് 33 കെ വി സബ്‌സ്‌റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു.