കനത്തമഴയില്‍ ദുരന്തം വിതച്ച് ഒറ്റപ്പെട്ട് വയനാട്

വയനാട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ശക്തമായ മഴയില്‍ താമരശ്ശേരി ചുരത്തിലുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. ചുരത്തിലെ ഒമ്പതാം വളവില്‍ രാത്രി ഒമ്പതുമണിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇതെ തുടര്‍ന്ന് വലിയ പാറകളും മരങ്ങളും റോഡിലേക്ക് കടപുഴകി വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.

ഇവിടെ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്‌സെത്തി മരങ്ങള്‍ നീക്കിയെങ്കിലും വാഹനഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. തടസം പൂര്‍ണമായു നീക്കാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടലില്‍ ലക്ഷം വീട് കോളനിയില്‍ ഒരു സ്ത്രീ മരണപ്പെട്ടു. ഇവിടെ മൂന്ന് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വൈത്തിരി പോലീസ് സ്‌റ്റേഷനും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

Related Articles