കൊല്ലത്ത്‌ കനത്ത മഴയില്‍ പരക്കെ നാശം; നൂറുകണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു

rainകൊല്ലം: കനത്തമഴയില്‍ കൊല്ലത്ത് വ്യാപകം നാശനഷ്ടം. പത്തില്‍ അധിക വീടുകള്‍ പൂര്‍ണമായും ഒന്‍പതിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 200 ല്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു.

കൊല്ലം നഗരത്തില്‍ ഉളിയക്കോവില്‍, വിളപ്പുറം, ഇരവിപുരം, കരുനാഗപ്പള്ളിയിലെ തൊടിയൂര്‍, കുന്നത്തൂര്‍, പോരുവഴി എന്നിവിടങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്. പത്ത് വീടുകള്‍ പൂര്‍ണമായും എണ്‍പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊല്ലം നഗരപ്രദേശത്ത് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളും പുനലൂരില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് തുറന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദു:സ്സഹമായി.

കുട്ടികള്‍ക്ക് പുറത്തിറങ്ങാനോ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനോ സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാ വര്‍ഷവും അധികാരികളെ ഈ വിഷയം അറിയിക്കാറുണ്ടെന്നും എന്നാല്‍ ഇതുവരെയും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.

വ്യാപക കൃഷിനാശവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാനുള്ള ശുപാര്‍ശ ജില്ലാ ഭരണകൂടം സര്‍ക്കാരിന് സമര്‍പ്പിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്.