തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യം രംഗത്ത്‌

chennaiചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന്‌ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ബംഗലൂരുവിലേക്കും ഹൈദരബാദിലേക്കും വഴിതിരിച്ച്‌ വിട്ടിരിക്കുകയാണ്‌. ഇതോടെ നാലായിരത്തോളം യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്‌.

ട്രാക്കുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന്‌ ചെന്നൈയില്‍ നിന്നുള്ള 19 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്‌. ചെന്നൈ ബീച്ച്‌താംബരം -ചെങ്കല്‍പ്പേട്ട്‌ റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും 12 മണിക്കൂര്‍ നേരത്തേക്ക്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ചെന്നൈവഴി വരുന്ന ധന്‍ബാദ്‌- ആലപ്പുഴ എക്‌സ്‌പ്രസ്‌ നാല്‌ മണിക്കൂറിലധികം വൈകിയാണ്‌ ഓടുന്നത്‌.

തിങ്കളാഴ്‌ച രാത്രി തുടങ്ങിയ കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റാന്‍ വ്യോമസേന രംഗത്തിറങ്ങിയിട്ടുണ്ട്‌. താംബരം, ഊര്‍പാക്കം എന്നിവിടങ്ങളില്‍ സൈന്യം രംഗത്തിറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നാവികസേനയും ദേശീയ ദുരന്ത സേനയും രക്ഷാപ്രര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്‌.

മഴക്കെടുതിയില്‍ ഇതുവരെ നൂറോളം പേര്‍മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ചെന്നൈയിലെ നാല്‌ പ്രധാന ജലസംഭരണികളും നിറഞ്ഞുകവിഞ്ഞു. അഡയാര്‍നദി കരകവിഞ്ഞൊഴുകുകയാണ്‌. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വെല്ലൂര്‍ തുടങ്ങി എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ്‌ കനത്ത മഴയ്‌ക്ക്‌ കാരണം. അടുത്ത നാല്‌ ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.