കനത്ത ചൂട് :ബഹ്‌റൈനില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പുറം ജോലിക്കാര്‍ ദുരിതത്തില്‍

മനാമ: രാജ്യത്ത് ചൂട് വര്‍ധിച്ചതോടെ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലായി. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് സൂര്യാഘാത മേല്‍ക്കുന്നത് പതിവായിരിക്കുകയാണ്. ഇവിടെ നിര്‍മാണ മേഖലയിലും മറ്റു സാധാരണ ജോലികള്‍ ചെയ്യുന്നതും പ്രവാസികളായ തൊഴിലാളികളാണ്. അതുകൊണ്ട് തന്നെ റമദാന്‍ വ്രതമനുഷ്ഠിക്കുന്ന പ്രവാസി തൊഴിലാളികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. അതെസമയം പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് വരാത്ത വിധത്തില്‍ കുടിവെള്ള സൗകര്യം ഒരുക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഒക്യുപേഷണല്‍ സേഫ്റ്റി ആക്ടിങ് ചീഫ് മുസ്തഫ അല്‍ ശൈഖ് പറഞ്ഞു.

കഴിഞ്ഞമാസത്തില്‍ സൂര്യാഘാതമേറ്റ 24 കേസുകളാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 17 പേരും പ്രവാസികളായിരുന്നു.

രാജ്യത്തെ വേനല്‍കാത്തെ പുറം ജോലി നിരോധനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ഈ അവസരത്തില്‍ ഉച്ച മുതല്‍ വൈകീട്ട് 4 മണിവരെ പുറം ജോലിയില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല. ആഗസ്റ്റ് അവസാനം വരെയായിരിക്കും നിരോധനം.

Related Articles