ഖത്തറില്‍ കത്തുന്ന ചൂട്; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

ദോഹ: രാജ്യത്ത് ചൂട് വര്‍ധിച്ചതോടെ മുന്നറിയിപ്പുമായി ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ രംഗത്ത്. ചൂട് കൂടിയതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കൂടൂതല്‍ കഴിക്കണമെന്ന് ഹമദ് ജനറല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പ് കണ്‍സള്‍ട്ടന്റ് ഡോ.എല്‍തയിബ് യൂസഫ് വ്യക്തമാക്കി, സോഫ്റ്റ് ഡ്രിങ്കുകളും ജങ്ക് ഫുഡും കഴിക്കരുതെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ ഒരുകാരണവശാലും പ്രാതല്‍ ഒഴിവാക്കരുതെന്നും ദിവസവും കൂടുതല്‍ ജലപാനം ചെയ്യണമെന്നും അദേഹം കൂട്ടി ചേര്‍ത്തു.

നിര്‍ജലീകരണവും തളര്‍ച്ചയും വയര്‍സംബന്ധമായ രോഗങ്ങളും പിടിപെട്ട് കഴിഞ്ഞ ദിവസം ഹമദ് ആശുപത്രിയില്‍ 658 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദേഹം ചൂണ്ടിക്കാട്ടി. ആഘോഷ സീസണായതുകൊണ്ടു തന്നെ അമിതമായ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ചര്‍ദ്ധി, ദഹനതടസം,മധുരവും എണ്ണയും കലര്‍ന്ന ഭക്ഷണം കഴിച്ച് നിരവധി പേര്‍ ചികിത്സ തേടിയെത്തിയിരുന്നു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരില്‍ ഏറെപ്പേരും യുവാക്കളായിരുന്നു.

അന്തരീക്ഷ താപനില കൂടുന്നതിനാല്‍ നിര്‍ജലീകരണം സംഭവിക്കാന്‍ ഇടയുണ്ടെന്നും അതുകൊണ്ടുതന്നെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ തുറന്നിടരുതെന്നും കഴിയുന്നതും റെഫ്രിജറേറ്ററില്‍ സൂക്ഷിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയ പോഷകമേറിയ ഭക്ഷ്യവിഭവങ്ങള്‍ അധികമായി കഴിക്കണമെന്നും കൂടുതല്‍ ഉപ്പ്, മധുരം എന്നിവ കലര്‍ന്ന ഭക്ഷണങ്ങളും, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ട്രീസ് തുടങ്ങിയവ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.