ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നു

heart-transplant-surgery-in-delhi-1-638കോട്ടയം: സംസ്ഥാനത്ത്‌ പുതു ചരിത്രം കുറിച്ച്‌ ഹൃദയമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നു. അപകടത്തില്‍ മരിച്ച കടുങ്ങല്ലൂര്‍ സ്വദേശി വിനയകുമാറിന്റെ ഹൃദയമാണ്‌ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പൊടിമോന്‌ മാറ്റിവെച്ചത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജില്‍ ഹൃദയമാറ്റിവെക്കല്‍ നടക്കുന്നത്‌.

ഞായറാഴ്‌ച എറണാകുളം പാതാളത്ത്‌ വെച്ച്‌ ഉണ്ടായ വാഹനാപകടത്തില്‍ ആണ്‌ കടുങ്ങല്ലൂര്‍ തെക്കും മൂട്ടില്‍ വിനയകുമാറിന്‌ പരിക്കേറ്റത്‌. മസ്‌തിഷ്‌ക മരണം സംഭവിച്ച ഇദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. രാത്രി പത്തരയോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എറണാകുളം ലൂര്‍ദ്‌ ആശുപത്രിയിലെത്തി. 12.15 ന്‌ വിനയകുമാറിന്റെ മൃതദേഹം ഓപ്പറേഷന്‍ തിയേറ്ററിലേക്ക്‌ മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയശസ്‌ത്രക്രിയാ വിഭാഗം മേധാവി ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയം വേര്‍പ്പെടുത്തുന്നതിനുള്ള ശസ്‌ത്രക്രിയ ആരംഭിച്ചു. മൂന്നര മണിക്കൂറോളം ശസ്‌ത്രക്രിയ നീണ്ടു നിന്നു. ശസ്‌ത്രക്രിയ പൂര്‍ണ വിജയമാണെന്ന്‌ ഡോക്ടര്‍ ജയകുമാര്‍ പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയ പൊടിമോനെ നാല്‍പത്തി എട്ട്‌ മണിക്കൂര്‍ ഒബ്‌സര്‍വേഷനിലായിരിക്കും. രണ്ടാഴ്‌ചക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വകാര്യാശുപത്രികളില്‍ ഇരുപത്‌ ലക്ഷത്തോളം രൂപ ചെലവ്‌ വരുന്ന ശസ്‌ത്രക്രിയക്ക്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ്‌ ചെലവായത്‌. വിനയകുമാറിന്റെ കരളും വൃക്കയും, നേത്ര പടലവും ദാനം ചെയ്‌തിട്ടുണ്ട്‌.