സംസ്ഥാനത്ത്‌ യോഗ പ്രോത്സാഹിപ്പിക്കും : ആരോഗ്യമന്ത്രി

Kerala-Health-Ministerതിരുവനന്തപുരം: സംസ്ഥാനത്ത്‌ യോഗ പ്രോത്സാഹിപ്പിക്കണമെന്ന്‌ ആരോഗ്യ-ആയുഷ്‌-സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ രണ്ടാമത്‌ അന്തര്‍ദേശീയ യോഗാ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാരീരിക പ്രക്രിയകള്‍ ഏകോപിപ്പിച്ച്‌ ക്രമീകരിക്കുന്നതിനും, മാനസികവും ശരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും യോഗയ്‌ക്ക്‌ കഴിയും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമചിത്തത പ്രദാനം ചെയ്യുന്ന യോഗയെ പ്രോത്സാഹിപ്പിക്കും. മതേതര രാജ്യമായ ഇന്ത്യയില്‍ യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണം. മനസിന്‌ സമചിത്തത ലഭിക്കാനും ഏകാഗ്രമാക്കുവാനും യോഗയില്‍ വ്യക്തിനിഷ്‌ഠമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കണം. മനസിനെ ഏകാഗ്രമാക്കാന്‍ ഏത്‌ മാര്‍ഗമാണോ വ്യക്തി ആഗ്രഹിക്കുന്നത്‌ ആ മാര്‍ഗം സ്വീകരിക്കാനാകണമെന്ന്‌ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്‌ ജീവിതശൈലീ രോഗങ്ങളും, പകര്‍ച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പഠിച്ച്‌ കേരളത്തിനായി സമഗ്ര ആരോഗ്യ പദ്ധതി രൂപപ്പെടുത്തുവാന്‍ ശ്രമിച്ചുവരികയാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വി.എസ്‌. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ആയുഷ്‌ സെക്രട്ടറി ഡോ. ബി. അശോക്‌, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന യോഗാഭ്യാസത്തില്‍ നൂറൂകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. തിരുവനന്തപുരം ആയുര്‍വേദ കോളേജിലെയും ശ്രീരാമകൃഷ്‌ണ മെഡിക്കല്‍ കോളേജ്‌ ഓഫ്‌ നാച്യുറോപ്പതി ആന്‍ഡ്‌ യോഗിക്‌ സയന്‍സിലെയും വിദ്യാര്‍ത്ഥികള്‍ യോഗാ ഡാന്‍സ്‌ അവതരിപ്പിച്ചു.