പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു 

തിരുവനന്തപുരം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ദശകമായി മലേറിയ ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ച് പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് സേവനങ്ങള്‍ ലഭ്യമാക്കിയ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി രോഗീ സൗഹൃദമാക്കി മികച്ച സൗകര്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രവും പാറശാല നിയോജക മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രം കൂടിയാണിത്. നാട്ടുകാരുടെ ചിരകാലാഭിലാഷമായ വൈകുന്നേരം വരെയുള്ള ഒ.പി. ചികിത്സയും മികച്ച രീതിയിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതോടെ യാഥാര്‍ത്ഥ്യമാകുകയാണ്.

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം അന്‍സജിത റസല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ശ്രീധരന്‍ ത്രിശീലന്‍, വാര്‍ഡ് മെമ്പര്‍ ജയചന്ദ്രന്‍, ഡി.എം.ഒ. ഡോ. പി.പി. പ്രീത, ഡി.പി.എം. ഡോ. സ്വപ്നകുമാരി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.