വിരാട് കോലിയുടെ റെക്കോര്‍ഡ് ഹാഷിം ആംല തകര്‍ത്തു

Hashim-Amlaകാന്‍ബറ: ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു റെക്കോര്‍ഡ് കൂടി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം ആംല തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 20 സെഞ്ചുറി എന്ന കോലിയുടെ റെക്കോര്‍ഡാണ് ആംലയ്ക്ക് മുന്നില്‍ വഴിമാറിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കിടെ അയര്‍ലന്‍ഡിനെതിരെയാണ് ഹാഷിം ആംല ഈ നേട്ടത്തിലെത്തിയത്.

ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു ആംലയുടെ ഇരുപതാം സെഞ്ചുറി. 128 പന്തില്‍ 16 ഫോറും 4 സിക്‌സും പറത്തിയ ആംല 159 റണ്‍സെടുത്തു. ആംലയുടെ ഇരുപതാം സെഞ്ചുറി പിറന്നത് വെറും 108 കളികളില്‍ നിന്നാണ്. വിരാട് കോലിക്ക് 20 സെഞ്ചുറി തികയ്ക്കാന്‍ 133 കളികള്‍ വേണ്ടിവന്നു. ഡിവില്ലിയേഴ്‌സ് 175 ഉം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 197 കളികളില്‍ നിന്നും ഇത്രയും സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്.

അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും 400 കടന്നു. 4 വിക്കറ്റിന് 411 റണ്‍സാണ് അവര്‍ അയര്‍ലന്‍ഡിനെതിരെ അടിച്ചത്. കഴിഞ്ഞ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക 407 റണ്‍സടിച്ചിരുന്നു.

ഹാഷിം ആംലയ്ക്ക് പിന്നാലെ ഫാഫ് ഡുപ്ലിസിയും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി. 109 പന്തില്‍ 109 റണ്‍സാണ് ഡുപ്ലിസി അടിച്ചത്. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് വെറും 9 പന്തില്‍ 24 റണ്‍സടിച്ചു. മില്ലര്‍ 46 ഉം റൂസ്സോ 61 ഉം റണ്‍സെടുത്തു. അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രയാന്‍ ഏഴോവറില്‍ 95 റണ്‍സ് വഴങ്ങി.