Section

malabari-logo-mobile

ഒരു ഹർത്താൽ ദിന ഓർമ്മ …..

HIGHLIGHTS : ചില ദിവസങ്ങൾ അങ്ങിനെയാണ്…. നാമറിയാതെ ചില തീരുമാനങ്ങളിൽ എത്തിപ്പെടും.. അതുമായി മുന്നോട്ട്  പോവുകയും ചെയ്യും. ഇതുവരെ ഒരു ഹർത്താലിനും പുറത്തിറങ്...

സിമി വിനോദ്‌

ചില ദിവസങ്ങൾ അങ്ങിനെയാണ്…. നാമറിയാതെ ചില തീരുമാനങ്ങളിൽ എത്തിപ്പെടും.. അതുമായി മുന്നോട്ട് 
പോവുകയും ചെയ്യും. ഇതുവരെ ഒരു ഹർത്താലിനും പുറത്തിറങ്ങാത്ത ഞാൻ ഇത്തരമൊരു നേരമ്പോക്കിനു ശ്രമിച്ചതിന്റെ ചേതോവികാരം എന്നതാണോ എന്തോ…?? അതും മോനോടൊപ്പം…. (പെരിന്തൽമണ്ണ താലൂക്ക് മാത്രം എന്ന നിസ്സാരവത്ക്കരണമാണ് പ്രശ്നമായതെന്ന് തോന്നുന്നു)

രാവിലെ മോനുമായി മലപ്പുറത്തേക്കുള്ള 
കുതിര സവാരി (ഫസീനോ ) യാത്ര ശരിക്കും ആസ്വദിച്ചു. നടുറോട്ടിൽ ഫുട്ബാൾ കളി, 
കുട്ടി കോലും ഇജ്ജാതി ഐറ്റംസ് ഒക്കെ സിനിമേലേ കാണാൻ പറ്റൂ.. ഓരോ തവണ കുരുക്കിൽ നിന്ന് രക്ഷപ്പെടുമ്പോഴും മോൻ പറയുന്നുണ്ടായിരുന്നു… ” അമ്മേ,  ഫസ്റ്റ് ലെവല്‍ സക്‌സെസ്സ്‌
, സക്കന്റ് ലെവല്‍ സക്‌സെസ്സ്‌………”

sameeksha-malabarinews

ഫോര്‍ത്ത് ലെവല്‍  ഞാൻ ശരിക്കും പേടിച്ചൂട്ടോ… 
വായിലെ നാവ് അത്ര മോശമല്ലാന്ന് ഹെൽമറ്റില്ലാതെ പെറ്റി ചോദിച്ച 
ട്രാഫിക് പോലീസില്‍ നിന്ന് രക്ഷപ്പെട്ടപ്പോതന്നെ പണ്ട് മനസ്സിലായതാ… ഇന്ന് ഒന്നൂടി ബോധ്യപ്പെട്ടു.

മക്കരപ്പറമ്പു വരെ മോദ്ജിടെ പെട്രോളും കത്തിച്ച് പോയിട്ട് ഇതിപ്പം കുരിശാവൂലോന്ന് കരുതിയതാ…. അപ്പോഴേക്കും നാവിൽ സരസ്വതി വിളയാടി… “മോന് ബാസ്ക്കറ്റ് ബാൾ ക്യാമ്പ് ഉണ്ട്. ഇന്ന് പങ്കെടുത്തില്ലേൽ ടീമിൽ നിന്നും ഔട്ട്…” അതിൽ ചേട്ടന്മാർ ഒന്നയഞ്ഞു…. “ചേച്ചി തൽക്കാലം പോ… ഇനി ഞങ്ങടെ ഹർത്താലിന് ഇമ്മാതിരി ഉടായിപ്പുമായി ഇറങ്ങല്ലേ ട്ടോ…. ” മുഴുവൻ കേൾക്കാൻ നിന്നില്ല.. 60 ൽ വിട്ടു…

ഓഫീസിൽ എല്ലാവരും പറഞ്ഞു… വൈകീട്ട് ഒരു കുഴപ്പോം ഉണ്ടാവില്ല. 5 മണിക്കേ വാഹനങ്ങൾ ഓടി തുടങ്ങും, കടകൾ തുറക്കുന്നൊക്കെ… എന്തോ രാവിലത്തെ പോലല്ലായിരുന്നു മനസ്സ്.. വല്ലാത്ത പേടി… ബുദ്ധിമോശമായോന്നൊരു തോന്നൽ… എന്തായാലും തിരിച്ചേ പറ്റൂ.. അഞ്ചര കഴിഞ്ഞിട്ടും അവനെ കാണാനുമില്ല.. ടെൻഷനൊടുവിൽ മോൻ എത്തിയപ്പോൾ അതുവരെ അവനോട് വന്ന ദേഷ്യമൊക്കെമാറി.. വല്ലാത്തൊരു ധൈര്യം ബാക്ക് സീറ്റിൽ ഇരിപ്പുറപ്പിച്ച പോലെ…

പക്ഷേ ന്റെ ധൈര്യക്കൊ ചോർന്നൊലിക്കാൻ അധികം സമയം വേണ്ടി വന്നില്ല… മക്കരപ്പറമ്പ് എത്തുന്നതിനു മുമ്പേ എല്ലാ വണ്ടികളും തിരിക്കുന്നു… ഞാൻ സൈഡാക്കി…. ” ചേട്ടാ ഇതിപ്പം ശമിക്കില്ലേ… കുറച്ചു നേരം ഇവിടെ നിർത്തിയിട്ടാ പോരെ ?” “കുട്ടി എന്താ പറയണ്.. അവടെ തൊടങ്ങീട്ടേ ഉള്ളൂ.. അമിട്ട് പൊട്ടണ പോലാ പൊട്ടണത്.. വേഗം വിട്ടോ ” 
” എങ്ങോട്ട് ” 
“കാച്ചിനിക്കാട് വഴി കയറിയാ മക്കരപ്പറമ്പ് ചെന്ന് കേറാം ” 
പെരിന്തൽമണ്ണേലേക്ക് വഴി ചോദിക്കുന്ന മുന്നിലുള്ള സ്കൂട്ടി ചേട്ടനെ സോപ്പിട്ടു… 
“ചേട്ടാ ഞാനുണ്ട് ട്ടോ ” 
“ഫോളോ മി” ആക്ഷനും തന്ന് പുള്ളി വിട്ടു. “അമ്മേ അദ് പൊളിച്ചു ” ചെക്കന്റെ വക കമന്റ്.. ഞാൻ മറുപടിയൊന്നും പറയാഞ്ഞതു കൊണ്ട് ന്റെ നെഞ്ഞ് കത്തണത് അവൻ അറിഞ്ഞൂന്ന് തോന്നണു…
” അമ്മ ന്തിനാ ടെൻഷനാവണേ? ഇതൊക്കെ ഓരോ അനുഭവല്ലേ .. നമുക്ക് എന്‍ജോയ് ചെയ്യാം ” ഞാൻ ഒന്നു മൂളിയോ…??? 
അങ്ങിനെ കാച്ചിനിക്കാട് കട്ട് റോഡ് വഴി കയറി മക്കരപ്പറമ്പിലേക്ക് തിരിയണ വഴിയിലെത്തിയപ്പോ ദേ കിടക്കണ് അടുത്ത കുരിശ് 
” ഇതിലേ പോവാൻ പറ്റില്ല… പോലീസ് ലാത്തി ചാർജ് ” മുന്നിലെ സ്കൂട്ടി ചേട്ടൻ ലെഫ്റ്റിലേക്ക് തിരിച്ചു.. വീണ്ടും ‘ഫോളോ മി’ ആക്ഷൻ… വെച്ചു പിടിച്ചു. വേറെന്നാ വഴി. ഇത്രേം സ്പീഡിൽ ആദ്യായിട്ടാ… “അമ്മേ കത്തിച്ചു വിട്ടോ.. ഞാനില്ലേ ” അതാ ന്റെ പേടീന്ന് അവനോട് പറയാൻ വയ്യല്ലോ.

ഏതായാലും വീട്ടിന്ന് വരുന്ന കാളുകൾ എടുക്കാൻ അവനെ ഏല്പിച്ച് അതു വരെ സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം ഞാൻ തേർതെളിച്ചു കൊണ്ടേയിരുന്നു….
വീട്ടിൽ നിന്ന് മാറി മാറി കാൾ വരുമ്പോഴും ഞാൻ അവനെ കള്ളം പറയാൻ പഠിപ്പിയ്ക്കുകയായിരുന്നു.
എത്ര ദൂരം അങ്ങിനെ ഓടിയെന്നറിയില്ല…
(പിന്നീട് അച്ഛൻ പറഞ്ഞു അതാണ് വടക്കാങ്ങര വഴി എന്ന്) ഊട് റോഡ് അവസാനിച്ച് മെയിന്‍ റോഡില്‍ ചെന്ന് കയറിയപ്പോ ശരിക്കും ഞെട്ടി.. ന്റമ്മോ ഇതേതാ വഴി… ഞാൻ അതു വരെ കരുതിയത് ആ വഴി ചെന്നു കയറുന്നത് മലപ്പുറം- പെരിന്തൽമണ്ണ റോട്ടിൽ ആവുന്നാ.. ഭൂമി ശാസ്ത്ര മറിയാത്ത കഴുതാന്ന് വി പറയണത് ശരിയാ…. ഇയാളെന്നെ എങ്ങോട്ടാ കൊണ്ടു പോണെ? ഒരു നിമിഷം സംശയത്തോടെ നിന്നു…. പിന്തുടരണോ! 
“അമ്മേ ദ് മങ്കട റോഡാ…. ഇപ്പോ കാണാം കൊട്ടാരം പോലത്തെ മൂന്ന് വീട്…. ദ് നേരെ തിരൂർക്കാട് ചെന്നു കയറും. അമ്മ ധൈര്യായിട്ട് വിട്ടോ മ്മക്ക് പൊളിക്കാം” 
ഡാ നീ ഇത്രേം വലുതായത് അമ്മ അറിഞ്ഞില്ലാട്ടോ …. നീ ഇല്ലേൽ ഇന്ന് ശരിക്കും ഞാൻ പെട്ടു പോയേനേ…. മങ്കട എത്തിയപ്പോ തന്നെ അനിയന്റെ കാളിന് തിരൂർക്കാടെത്തീന്ന് പറയിച്ചു അവനെക്കൊണ്ട്..
” വീട്ടിലെത്തിയാ അമ്മ ശരിക്കും നടന്നത് എല്ലാരോടും പറയോ ” 
” പറയും…… ന്തേ?” 
“അപ്പോ ഞാൻ ഇതുവരെ പറഞ്ഞതൊക്കെ കള്ളാവില്ലേ?” 
“സാരല്യ.. അമ്മ പറഞ്ഞിട്ട് പറഞ്ഞതാന്ന് പറഞ്ഞോളാം”… 
അവിടെ എത്തുന്നവരെ അവന്റെ ടെൻഷൻ അതായിരുന്നു.. ഇനി ആരേലും വിളിച്ചാ എന്തു പറയും? 
അതുവരെ മുന്നിൽ നിന്നു നയിച്ച ആ മനുഷ്യനോട് കുറച്ചു നേരത്തേക്കെങ്കിലും സംശയിച്ചതിന്റെ കുറ്റബോധത്തോടെ തന്നെ നന്ദി പറയാൻ ശ്രമിച്ചപ്പോൾ കാണാനില്ല… സ്വന്തം തട്ടകത്തിൽ എത്തിയ ധൈര്യം മൂലം കണ്ണുകൾ അയാളെ കൈവിട്ടതാവാം….. അയാൾ എന്നിൽ നിന്ന് ആ നന്ദി’കേട്’ പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!