ഇടുക്കിയിലും കോഴിക്കോട്ടും ഇന്ന് ഹര്‍ത്താല്‍

ഇടുക്കി/കോഴിക്കോട് : ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ അിറയിച്ച സാഹചര്യത്തിലാണ് ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍,പത്രം, ആശുപത്രി തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇടുക്കി ഡിസിസിയുടെ നിലപാട്.

ഗ്രീന്‍ ട്രൈബ്യൂണലില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്റെ ഭാഗത്തു നിന്നും വാക്കാലുള്ള പരാമര്‍ശം മത്രമാണ് ഉണ്ടായത്. കേന്ദ്രം സത്യവാങ്മൂലം കൊടുത്തു എന്ന വാര്‍ത്ത തെറ്റാണ്. വാസ്തവം ഇതായിരിക്കെ ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് തൊടുപുഴയില്‍ പറഞ്ഞു.

എല്‍ഡിഎഫ് നടത്തുന്ന ഹര്‍ത്താലിനെ അനുകൂലിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഗ്രീന്‍ ട്രൈബ്യൂണലിന് ഉണ്ടായ നിലപാട് അങ്ങേയറ്റം അപകടകരമാണ്. സംസ്ഥാന സര്‍്ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ല. ഇതെസമയം 1311 ലെ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നും ഹൈറേഞ്ച്് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുര തൊടുപുഴയില്‍ പറഞ്ഞു.

ഇടുക്കിക്ക് പുറമെ കോഴിക്കോടിന്റെ മലയോര മേഖലയായ തിരുനമ്പാടി, കക്കയം, കൂരാച്ചുണ്ട്, കണ്ണാടിപൊയില്‍, താമരശ്ശേരി ഭാഗങ്ങളിലും ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്.

 

Related Articles