മന്ത്രി ജലീലിനെതിരെ അപവാദപ്രചരണം: പ്രവാസിയുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

തിരൂര്‍: സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കുറിച്ച്
അപവാദ പ്രചരണം നടത്തിയെന്ന മന്ത്രി കെടി ജെലീലിന്റെ പരാതിയില്‍ പ്രവാസിയുവാവ് നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കുറ്റിപ്പുറം നടുവട്ടം സ്വദേശിയായ സമീര്‍ ബാബു(34)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കില്‍ വ്യാജഐഡിയുണ്ടാക്കി മന്ത്രിയുടെയും ഒരു സ്ത്രീയുടെയും ഫോട്ടോ ചേര്‍ത്തു പ്രചരിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുളള കുറ്റം.
മന്ത്രിയുടെ പരാതിയില്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ദുബൈയില്‍ ജോലിചെയ്യുകയാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കി.

വ്യാഴാഴ്ച നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ സമീര്‍ബാബുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.