ഹജ്ജ്‌ വളണ്ടിയര്‍ കേസിലെ പ്രധാനപ്രതി പിടിയില്‍

Untitled-1 copyകോഴിക്കോട്‌:ഹജ്ജ് വളണ്ടിയര്‍ തട്ടിപ്പ് കേസിലെ പ്രധാനപ്രതി ജാബിര്‍ പോലീസ് പിടിയില്‍. സേലത്ത് വെച്ച് മുക്കം പോലീസാണ് ഇയാളെ പിടികൂടിയത്.  ഹജ്ജ് വളണ്ടിയറാക്കാമെന്ന് വാഗ്ദാനം ചെയ്ത് എണ്ണൂറോളം പേരില്‍ ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെ തട്ടിയെന്നാണ് കേസ്.

ഈ വര്‍ഷത്തെ ഹജ്ജിനായി മക്കയിലും മദീനയിലെത്തുമുന്നവര്‍ക്ക് സേവനത്തിനായി വളണ്ടിയര്‍മാരാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. ഇതിന് സൌദി മന്ത്രാലയത്തില്‍ നിന്ന് വന്‍തുക പ്രതിഫലം നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. മലബാറിലെ വിവിധയിടങ്ങളില്‍ നിന്ന് എണ്ണൂറോളം പേരില്‍ നിന്നാണ് പണം തട്ടിയത്. കേസിലെ പ്രധാനപ്രതി മുക്കം സ്വദേശി ജാബിറാണ് സേലത്ത് വെച്ച് ഇന്ന് പോലീസ് പിടിയിലായത്. ജാബിറിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച മന്‍സൂറിന് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.

അല്‍തമീം എന്ന കമ്പനിയുടെ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പ്രദേശത്തെ പള്ളികമ്മിറ്റി ഭാരവാഹികളുടെയും ഖതീബുമാരുടെയും വിശ്വാസം സമ്പാദിച്ച് ഈ സ്വാധീനമുപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായവരുടെ പാസ്പോര്‍ട്ടുള്‍പ്പെടെയുള്ള രേഖകളും ഇവര്‍ വാങ്ങിയിരുന്നു. വീട്ടുകാരോട് യാത്രപറഞ്ഞ് ആദ്യസംഘം യാത്രക്കൊരുങ്ങിയപ്പോഴാണ് തങ്ങള്‍‍ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പ്രതികള്‍ പലരുടെയും പാസ്പോര്‍ട്ടുകള്‍ മുക്കം പോലീസ്റ്റേഷനില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.